LATEST

6/recent/ticker-posts

Header Ads Widget

ഫയർ എക്സിറ്റുകൾ ഉണ്ടായിരുന്നില്ല; ജനലിൽകൂടി ചാടാൻ തലയിണകളും മെത്തകളും എത്തിച്ച് അയൽവാസികളും നാട്ടുകാരും; ജീവന് വേണ്ടി കേഴുന്ന അതിദാരുണ ദൃശ്യങ്ങൾ പുറത്ത്

 



ന്യൂഡൽഹി: മാളവ്യ നഗറിലെ ഫ്ളോറിഷ് സ്റ്റേ ഹോട്ടൽ റസ്റ്റോറന്റ്റിൽ ഇന്നലെ രാവിലെ 8.50നാണ് അഗ്നിബാധയുണ്ടായത്. താഴത്തെനിലയിൽനിന്നു മുകളിലേക്കു തീ പടർന്നതോടെ മുകളിലത്തെ നിലകളിലുണ്ടായിരുന്നവർ കുടുങ്ങി. ജനലുകളിലൂടെ താഴേക്ക് ചാടുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള മാർഗം. താഴേക്ക് ചാടിയ ആളുകളെ സുരക്ഷിതമായി താങ്ങി നിർത്താൻ തലയിണകളും മെത്തകളും എത്തിച്ച് അയൽവാസികളും നാട്ടുകാരും ശ്രമിച്ചു. കത്തുന്ന കെട്ടിടത്തിൽനിന്ന് ഉയർന്ന കനത്ത പുക അവഗണിച്ചും നിരവധി നാട്ടുകാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി.


മാക്സ് ഹോസ്പിറ്റലിന് സമീപമുള്ള ഈ ഹോട്ടൽ, ആശുപത്രി സന്ദർശിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രധാന താമസകേന്ദ്രമായിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചകളാണു ദുരന്തത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഒരൊറ്റ എക്സിറ്റ് മാത്രമുണ്ടായിരുന്ന ബേസ്മെൻ്റിൽ നിരവധി ആളുകളാണു കുടുങ്ങിയത്. വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തല്ലിത്തകർത്താണു രക്ഷാപ്രവർത്തനം നടത്തിയത്. ഈ ബഹുനില കെട്ടിടത്തിൽ മറ്റ് ഫയർ എക്സിറ്റുകളില്ലായിരുന്നു. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തെയും എക്‌സിറ്റിനെയും മാത്രമാണ് ആളുകൾ ആശ്രയിച്ചിരുന്നത്.


പ്രധാന കവാടത്തിന് സമീപത്തുനിന്ന് തന്നെയാണ് തീ പടർന്നത്, അത് കെട്ടിടത്തിൽനിന്നുള്ള ഏക പുറത്തുകടക്കൽ മാർഗം തടസപ്പെടുത്തി. ശ്വാസം മുട്ടിക്കുന്ന കനത്ത വിഷപ്പുകയോട് പോരാടിയായിരുന്നു രക്ഷാപ്രവർത്തനം. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ മൂന്ന് വശങ്ങളിൽനിന്നും ഉയർന്ന സമ്മർദമുള്ള വാട്ടർ ടെൻഡറുകൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. കത്തുന്ന കെട്ടിടത്തിൽനിന്ന് 37 പേരെയാണു രക്ഷപ്പെടുത്തിയത്. അവരിൽ ഭൂരിഭാഗവും പേരും കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. തടസങ്ങൾ നീക്കി മുന്നോട്ട് പോകുന്നതിൻ്റെ പ്രാഥമിക ഘട്ടത്തിൽ നാല് മൃതദേഹങ്ങൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഗുരുതരമായി പരുക്കേറ്റവർ മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 21 ആയി ഉയരുകയായിരുന്നു.

Post a Comment

0 Comments