LATEST

6/recent/ticker-posts

Header Ads Widget

ജനകീയ സമരത്തിന് വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും

 


കോഴിക്കോട്: താമരശ്ശേരി ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടാൻ തീരുമാനമായി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാർച്ച് 31നകം പ്ലാന്റ് മാറ്റിസ്ഥാപിക്കാൻ തീരുമാനമായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണാപത്രത്തിൽ ഇരു വിഭാഗവും ഒപ്പുവച്ചു. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.

2026 ആഗസ്റ്റ് 8ന് താമരശ്ശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ എംഎൽഎമാരായ പി.കെ ഫിറോസ്, സി.കെ കാസിം, എം.എ റസാഖ് മാസ്റ്റർ, മുൻ മന്ത്രി ഡോ. എം.കെ മുനീർ എന്നിവരുടെയും ഫ്രഷ് കട്ട് പ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് 19ന് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും നടന്ന ചർച്ചയുടെയും അടിസ്ഥാനത്തിലാണ് അന്തിമ ധാരണയിൽ എത്തിയത്.

2027 മാർച്ച് 31ന് മുമ്പായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് ഡിസ്മാന്റിൽ ചെയ്യും. കമ്പനിക്ക് പുതിയ സ്ഥലം ലഭിച്ചാലും ഇല്ലെങ്കിലും ഈ തീയതിക്കകം ഇരുതുള്ളിപ്പുഴയുടെ തീരത്തുനിന്നും പ്ലാൻ്റ് മാറ്റുമെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രമല്ലാത്ത പുതിയ സ്ഥലം കണ്ടെത്തി അവിടേക്ക് പ്ലാന്റ് മാറ്റുന്നതിനും, ഇതിനാവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ വകുപ്പുകൾ സഹകരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.


പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ, നിലവിലെ പ്ലാന്ററ് 2026 ആഗസ്റ്റ് 27 മുതൽ വീണ്ടും താൽക്കാലികമായി പ്രവർത്തിക്കും. എന്നാൽ പ്രതിദിനം 25 ടൺ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂ. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് അസഹനീയമായ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ കമ്പനി കർശനമായും ഉറപ്പുവരുത്തണം. അതീവ ഗന്ധം ഉണ്ടായാൽ ഈ ധാരണയിൽ നിന്ന് പിന്മാറുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Post a Comment

0 Comments