ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യൻ പഞ്ചസാര റിഫൈനർമാരുടെ കൈവശമുള്ള 33.5 ലക്ഷം ടൺ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയിൽ പഞ്ചസാരയുടെ ലഭ്യത വർധിക്കുകയും ഇത് വില കുറയാനും ഇടയാക്കും.
നികുതി ഇല്ലാതെ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്‌ത് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ പഞ്ചസാര റിഫൈനർമാരുടെ കൈവശമുള്ള ഏകദേശം പഞ്ചസാരയാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഴ്ച്‌ച സർക്കാർ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. കയറ്റുമതിക്കായി മാത്രം മാറ്റിവെച്ചിരുന്ന സംസ്കരിച്ച പഞ്ചസാരയിൽ ഒരു ഭാഗം ആഭ്യന്തര വിപണിയിൽ വിൽക്കാനും റിഫൈനർമാർക്ക് അനുമതി നൽകി.
കുറഞ്ഞത് 3 ലക്ഷം ടൺ സംസരിച്ച പഞ്ചസാര വിപണിയിലെത്തുന്നതോടെ, വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. അതേസമയം, കഴിഞ്ഞ 10 ദിവസത്തിനിടെ പഞ്ചസാരയുടെ എക്സ‌്-മിൽ വില 20% കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച കോലാപൂരിൽ എക്‌സ്-മിൽ വില കിലോയ്ക്ക് 48 രൂപയായി കുറഞ്ഞപ്പോൾ ഉത്തർപ്രദേശിൽ ഇത് ഏകദേശം 53 രൂപ ആയിരുന്നു. പഞ്ചസാര മില്ലുകളിൽ നിന്ന് നേരിട്ട് വിൽക്കുമ്പോൾ ഈടാക്കുന്ന വിലയാണ് എക്സ‌്-മിൽ വില. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ എക്‌സ്-മിൽ വില കിലോയ്ക്ക് 48 രൂപയിൽ നിന്ന് 58-60 രൂപയായി ഉയർന്നത് ഊഹക്കച്ചവടവും സംഭരണവും മൂലമാണെന്നാണ് റിപ്പോർട്ടുകൾ. പഞ്ചസാരയ്ക്ക് യഥാർത്ഥത്തിൽ വലിയ ക്ഷാമമുണ്ടായിരുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.
പഞ്ചസാര വില നിയന്ത്രിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണാൻ തുടങ്ങിയതായി രാജ്യത്തെ പ്രധാന പഞ്ചസാര വ്യവസായ സംഘടനയായ ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ ഡയറക്‌ടർ ജനറൽ ദീപക് ബാലാനി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്‌സ്-മിൽ പഞ്ചസാര വിലയിൽ ഏകദേശം 20% കുറവുണ്ടായെന്നും, ഈ കുറവ് ഉടൻ തന്നെ ചില്ലറ വിൽപ്പന വിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത മതിയായതിനാൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാര ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്‌ച പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോയ്ക്ക് 65 രൂപയായിരുന്നു.



0 Comments