ബെയ്റൂട്ട്: തെക്കൻ ലബനനിലെ ബൂഫോ കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. ഹിസ്ബുള്ളയ്ക്കെതിരായ ചെറുത്ത് നിൽപ്പിൽ വലിയ ഒരു മുന്നേറ്റമാണ് കോട്ട പിടിച്ചടക്കുന്നത് വഴി നടന്നിരിക്കുന്നതെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
2000 ത്തിൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിന്മാറിയ ശേഷം ആദ്യമായാണ് ബൂഫോ കൊട്ടാരം പിടിച്ചടക്കുന്നത്. 12-ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പുരാതന കെട്ടിടമാണ് ബൂഫോ കോട്ട.
ലിറ്റാനി നദിവരെയാണ് ഇസ്രയേൽ പിടിച്ചടക്കിയിരുന്നത്. ഇപ്പോൾ ഈ അതിർത്തിയും കഴിഞ്ഞ് ഉള്ളിലേക്ക് പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള മുഴുവൻ പ്രദേശങ്ങളും പിടിച്ചടക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്.
തെക്കൻ ലബനനിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെ, ഫ്രാൻസ്, ജെർമനി എന്നീ രാജ്യങ്ങൾ ഇസ്രയേൽ നടപടിയെ വിമർശിച്ച് രംഗത്തെത്തി. സഹ്റാനി നദിക്ക് താഴെയുള്ള ആളുകളോടാണ് ഇസ്രയേൽ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളിലായി രണ്ടാം തവണയാണ് ആളുകളോട് ഒഴിഞ്ഞു പോകാൻ നിർദേശിക്കുന്നത്.
'ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് ആരെങ്കിലും ഇപ്പോഴും താമസിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കിൽ അവർ അവരുടെ ജീവിതമാണ് അപകടത്തിലാക്കുന്നത്,' എന്നാണ് ഐഡിഎഫ് വക്താവ് പറയുന്നത്.
ഉയർന്നു വരുന്ന സംഘർഷാവസ്ഥ ഇസ്രയേലും ഹിസ്ബുള്ളയും അവസാനിപ്പിക്കണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി അവെറ്റ് കൂപ്പർ പറഞ്ഞു.
ലെബനനിലെ ഇസ്രയേൽ സൈനിക നീക്കത്തിൽ നിരവധി പേരാണ് കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ പോലും നശിപ്പിക്കപ്പെടുകയും ചെയ്‌തതെന്ന് കൂപ്പർ എക്സിൽ കുറിച്ചു. ഹിസ്ബുള്ള ഇസ്രയേലിന് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും കൂപ്പർ കൂട്ടിച്ചേർത്തു.
ലെബനനിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 3370 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ അടക്കം 12 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും ഒരു ഡ്രോൺ വെടിവച്ചിട്ടെന്നും ഹിസ്‌ബുള്ള നേതൃത്വവും അറിയിച്ചിരുന്നു.



0 Comments