LATEST

6/recent/ticker-posts

Header Ads Widget

തരംഗം സൃഷ്ടിച്ച് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം

 


പരീക്ഷാക്രമക്കേടുകളില്‍ രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം. കേന്ദ്രവിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്.


കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്‌കെ, ഭരണഘടനാശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ആത്മകഥ ഉയര്‍ത്തിയാണ് വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി, പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പകരം ജന്തര്‍ മന്തറിലെ സമരവേദിയിലേക്കാണ് അഭിജീത് ദീപ്‌കെ എത്തിയത്.


ഇതിനിടെ പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് സംഘാടകര്‍ക്ക് അനുമതി നല്‍കി. നൂറ് കണക്കിന് ആളുകള്‍ പൂക്കളും പുസ്തകവുമേന്തിയും, പാറ്റ മുഖംമൂടി ധരിച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.


സിപിഐ നേതാവ് ആനി രാജ, എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന് പിന്തുണയുമായെത്തി. സിജെപി പ്രതിഷേധത്തിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് തിരിച്ചയച്ചു. വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതിഷേധം.

Post a Comment

0 Comments