LATEST

6/recent/ticker-posts

Header Ads Widget

പ്രവാസികൾക്ക് ഇന്ത്യയിൽ ഇനി കടമ്പകളില്ല; ആർബിഐയുടെ വമ്പൻ പ്രഖ്യാപനം; ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപ ഇളവുകൾ

 



രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്


ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകർക്കുള്ള ചട്ടങ്ങളിൽ സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പ്രവാസി ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ കാർഡുള്ളവർക്കും ഇനി മുതൽ സെബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഇന്ത്യൻ ഓഹരികളിൽ കൂടുതൽ തുക നിക്ഷേപിക്കാം.


ഇതിന് പുറമെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മറ്റ് വിദേശികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?


നിലവിൽ പ്രവാസികൾക്ക് സെബിയിൽ 'ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ്' ആയി രജിസ്റ്റർ ചെയ്യാതെ തന്നെ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപം നടത്താൻ വഴികളുണ്ട്. മറ്റ് വിദേശ നിക്ഷേപകർക്കുള്ള കടുത്ത ചട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ലളിതമാണ്. രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഈ നിക്ഷേപങ്ങളുടെ പരിധിയാണ് ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. അതായത്, ഔദ്യോഗികമായി സെബിയിൽ രജിസ്റ്റർ ചെയ്യാതെ തന്നെ എൻആർഐകൾക്കും ഒസിഐകൾക്കും ഇനി മുതൽ കൂടുതൽ തുക ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാം.

2026 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടർച്ചയായാണിത്. ലിസ്റ്റ് ചെയ്ത ഒരു കമ്പനിയിൽ ഒരു പ്രവാസിക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ബജറ്റിൽ ഉയർത്തിയിരുന്നു. പ്രവാസികളുടെ ആകെ നിക്ഷേപ പരിധി 24 ശതമാനമാക്കിയും വർധിപ്പിച്ചിരുന്നു. ഈ രജിസ്ട്രേഷൻ ഇല്ലാതെയുള്ള നിക്ഷേപ സൗകര്യം എൻആർഐകൾക്കും ഒസിഐകൾക്കും പുറമെ, വിദേശത്ത് താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരുപോലെ ലഭ്യമാക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.


ആർക്കൊക്കെയാണ് ഇതിന്റെ ഗുണം ലഭിക്കുക?


ഇന്ത്യൻ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന എൻആർഐകൾക്കും ഒസിഐ കാർഡുള്ളവർക്കുമാണ് ഇതിന്റെ പ്രധാന നേട്ടം. നിക്ഷേപ പരിധി ഉയർത്തിയതോടെ യാതൊരു നൂലാമാലകളുമില്ലാതെ അവർക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പണം മുടക്കാം.

ഇന്ത്യൻ വംശജരല്ലാത്ത വിദേശികൾക്കും പുതിയ മാറ്റങ്ങൾ വലിയ ആശ്വാസമാണ്. ഇതിനുമുമ്പ് അവർക്ക് സെബിയിൽ എഫ്‌പിഐ ആയി രജിസ്റ്റർ ചെയ്തോ അല്ലെങ്കിൽ മറ്റ് സങ്കീർണ്ണമായ വഴികളിലൂടെയോ മാത്രമേ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പുതിയ മാറ്റം വരുന്നതോടെ അവർക്കും എളുപ്പത്തിൽ ഇന്ത്യൻ ഓഹരികളിലേക്ക് കടന്നുവരാം. ഇത് വിപണിയിലേക്ക് കൂടുതൽ പണമൊഴുകാനും നിക്ഷേപകരുടെ എണ്ണം വർധിപ്പിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വിദേശ മൂലധനം ആകർഷിക്കാനും സഹായിക്കും.


എന്തുകൊണ്ടാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം?


ആഗോള തലത്തിൽ നിക്ഷേപങ്ങളിൽ വലിയ ചാഞ്ചാട്ടം നടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ വിദേശ മൂലധനം ആകർഷിക്കാനുള്ള സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വലിയൊരു ശ്രമത്തിന്റെ ഭാഗമാണിത്.


വിദേശ നിക്ഷേപം വർധിപ്പിക്കാൻ മറ്റ് വഴികളും


പ്രവാസികൾക്കും വിദേശികൾക്കും നൽകിയ ഇളവുകൾക്ക് പുറമെ വിദേശ ഫണ്ടുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ മറ്റ് പല സുപ്രധാന തീരുമാനങ്ങളും ആർബിഐ എടുത്തിട്ടുണ്ട്. ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാനുള്ള 'ഫുള്ളി ആക്സസിബിൾ റൂട്ട്' കൂടുതൽ വിപുലീകരിച്ചു. വിദേശ നിക്ഷേപകർക്കുള്ള ചില നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്‌തു.

Post a Comment

0 Comments