കണ്ണൂര്‍: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെയ്ഡ് നടക്കുന്ന കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതികരണം. എക്‌സാലോജിക് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയില്‍ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇ ഡി സംഘപരിവാറിന്റെ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ് ആണെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.
'ഇ ഡിയുടെ ഇരകളാണ് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാറിനെ എതിര്‍ക്കുന്ന നേതാക്കളെ കള്ളക്കേസില്‍ ചേര്‍ക്കാന്‍ നടത്തിയിട്ടുള്ള ഹീനമായ ശ്രമത്തിന്റെ പുതിയ അധ്യായമാണിത്. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്താണ് കേരളം. പലയിടത്തും കോണ്‍ഗ്രസിനെ വിഴുങ്ങി. ഇടതുപക്ഷത്തെ തര്‍ത്തുകൊണ്ടേ സംഘപരിവാറിന് കേരളത്തില്‍ ആധിപത്യം ചെലുത്താനാകൂ. ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കി അന്തരീക്ഷം ഒരുക്കികൊടുക്കുകയാണ് കോണ്‍ഗ്രസ്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും' എന്നും പി ജയരാജന്‍ പറഞ്ഞു.
അധികാരത്തില്‍ നിന്നും ഇടതുപക്ഷത്തെ പുറത്താക്കിയത് തന്നെ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും പി ജയരാജന്‍ ആരോപിച്ചു. ഇടതുപക്ഷത്തെ പുറത്താക്കി. കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവന്നു. മത നിരപേക്ഷതയുടെ സംരക്ഷിത തുരുത്തിനെ തകര്‍ത്ത് സംഘപരിവാറിന് കേരളത്തില്‍ ആധിപത്യം ഉണ്ടാക്കണമെങ്കില്‍ തലയടിച്ച് പൊളിക്കണം. ആ തലയാണ് സിപിഐഎം എന്നും ജയരാജന്‍ പ്രതികരിച്ചു.
#EDRaid



0 Comments