LATEST

6/recent/ticker-posts

Header Ads Widget

‘ജാഗ്രത വേണം’; ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ക്ക് ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗ നിര്‍ദേശം

 



ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ക്ക് ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗനിര്‍ദേശം. വിധിന്യായത്തിലെ നിഗമനങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്നും ഇരയുടെ പെരുമാറ്റവും സ്വഭാവവും മുന്‍വിധിയോടെ വിലയിരുത്തരുതെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ കേസുകളില്‍ വിധി തയ്യാറാക്കുന്ന ജഡ്ജിമാർക്കായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.


അനുമാനങ്ങളും വ്യക്തിപരമായ ധാര്‍മ്മിക കാഴ്ചപ്പാടുകളും പാടില്ലെന്നും നിർദേശമുണ്ട്. നിയമത്തിലെ നിര്‍വ്വചനങ്ങളുും പദങ്ങളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം, പഴയകാല ധാര്‍മ്മികത വിധിന്യായത്തില്‍ പ്രതിഫലിപ്പിക്കരുത്, പുരുഷാധിപത്യ ചിന്താഗതികളുടെ പ്രതിഫലനം പാടില്ല തുടങ്ങിയ കാര്യങ്ങളും ജുഡീഷ്യല്‍ അക്കാദമിയുടെ നിർദേശത്തിലുണ്ട്. വ്യക്തിയുടെ ആത്മാഭിമാനത്തിനും സ്വയംഭരണത്തിനും മുന്‍ഗണന നല്‍കണമെന്നതാണ് മറ്റൊരു നിർദേശം.


ഇരകളുടെ മാനസികാഘാതം തിരിച്ചറിഞ്ഞുള്ള ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്, ‘ഇരയുടെ പെരുമാറ്റം ഇങ്ങനെയാവണം’ എന്ന മുന്‍വിധി പാടില്ല, വിധിന്യായങ്ങളിലെ ഭാഷ മാന്യവും ലിംഗസമത്വപരവും ആയിരിക്കണം, ഇരകളും സാക്ഷികളും ദിവസം മുഴുവന്‍ കോടതി വരാന്തയില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകരുത്, ഇരകള്‍ക്ക് നിയമസഹായവും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളും മാർഗ നിർദേശത്തിലുണ്ട്.


ക്രോസ് വിസ്താരത്തില്‍ വ്യക്തിപരമായ ലൈംഗിക ചരിത്രം ചോദ്യം ചെയ്യപ്പെടരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. അപ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് ഇരകളെ കോടതി സംരക്ഷിക്കണം, ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ അടച്ചിട്ട കോടതിമുറിയില്‍ ഉറപ്പാക്കണം, ഭയമില്ലാതെ മൊഴി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം, ഇര 18 വയസില്‍ താഴെയെങ്കില്‍ കുട്ടി എന്ന് ഉപയോഗിക്കുകയും കുട്ടികള്‍ക്ക് നിയമം നല്‍കുന്ന സംരക്ഷണം ഉറപ്പുവരുത്തുകയും വേണം, വിധിന്യായത്തില്‍ ഇരയെന്നോ അതിജീവിതയെന്നോ ഉപയോഗിക്കാം, കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ സാന്മാര്‍ഗിക ഉപദേശം വേണ്ട, ഇരകളുടെ മാനസികാവസ്ഥയും ജഡ്ജിമാര്‍ പരിഗണിക്കണം, എന്നിങ്ങനെയും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഒരു വിവാദ വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ കമ്മിറ്റി നല്‍കിയ ഉള്ളടക്കത്തിന്റെ വിവരങ്ങളാണ് സുപ്രീംകോടതി തന്നെ പുറത്തുവിട്ടത്.


Post a Comment

0 Comments