വീട് പൂട്ടി ദൂരയാത്ര പോകുന്നവർക്ക് ഇനി തികഞ്ഞ മനസാധാനത്തോടെ യാത്ര ചെയ്യാം. വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലിസ് ഒരുക്കിയ 'ലോക്ക്ഡ് ഹൗസ്' സംവിധാനത്തിന് മികച്ച പ്രതികരണമാണ് സംസ്ഥാനമൊട്ടാകെ ലഭിക്കുന്നത്. ഇതുവരെ 31,188 പേരാണ് കേരള പൊലിസിന്റെ ഈ ജനപ്രിയ സേവനം വിജയകരമായി പ്രയോജനപ്പെടുത്തിയത്
വീട് പൂട്ടി യാത്ര പോകുന്ന വിവരം പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'പോൽ-ആപ്പ്' (Pol-App) വഴി അറിയിച്ചാൽ, ആ വീടിനും പരിസരത്തിനും പ്രത്യേക പൊലിസ് നിരീക്ഷണം ഉറപ്പാക്കുന്നതാണ് പദ്ധതി.സേവനം *പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെ?*
ആപ്പ് ഡൗൺലോഡ് ചെയ്യുക: ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമായ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇതിനോടകം തന്നെ 17 ലക്ഷത്തോളം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ആപ്പിലെ 'Locked House Information' എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
ആവശ്യമായ വിവരങ്ങൾ: യാത്ര പുറപ്പെടുന്ന ദിവസങ്ങൾ, വീടിന്റെ ഫോട്ടോ, കൃത്യമായ സ്ഥലം, വിലാസം, വീട്ടുകാരുടെയോ അയൽവാസിയുടെയോ/ബന്ധുവിന്റെയോ പേരും ഫോൺ നമ്പറും ആപ്പിൽ നൽകണം.
*ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് വിവരങ്ങൾ പൊലിസിനെ അറിയിക്കണം. പരമാവധി 7 ദിവസം മുൻപുവരെയും അപേക്ഷ സമർപ്പിക്കാം.
പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലിസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.
14 ദിവസത്തിലധികം യാത്ര നീളുകയാണെങ്കിൽ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സുരക്ഷിത യാത്രകൾക്ക് ഒപ്പം നിന്ന് ജനമൈത്രി പൊലിസ് നടപ്പാക്കുന്ന ഈ മാതൃകാപരമായ പദ്ധതി പൊതുജനങ്ങൾക്കിടയിൽ വലിയ ആശ്വാസമാണ് സൃഷ്ടിക്കുന്നത്.



0 Comments