LATEST

6/recent/ticker-posts

Header Ads Widget

വിവാഹമോചന ചർച്ചയ്ക്കിടെ ഭാര്യവീട്ടിൽ അക്രമം; ബന്ധുക്കളെ കാറിടിച്ചും കത്തി വീശിയും കൊല്ലാൻ ശ്രമം; ലഹരിക്ക് അടിമയായ യുവാവ് പിടിയിൽ..!

 



 വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ ഭാര്യവീട്ടിൽ അതിക്രമം കാണിക്കുകയും തടയാനെത്തിയ ബന്ധുക്കളെ കാറിടിപ്പിച്ചും കത്തി ഉപയോഗിച്ചും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിൽ. കരുവാരകുണ്ട് കേരള പാറമ്മൽത്തൊടിക നസ്‌റുദ്ദീനെ (33) ആണ് കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം വൈകീട്ട് ആറോടെ പാന്തറ മുക്കട്ടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭർത്താവ് കടുത്ത ലഹരിക്ക് അടിമയാണെന്നും നിരന്തര മർദനം സഹിക്കാനാവാതെ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് യുവതി നേരത്തെ കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.


തുടർന്ന് ഇരുവിഭാഗം ബന്ധുക്കളും ചേർന്ന് വിഷയം സംസാരിച്ചു തീർക്കാൻ ശ്രമിക്കവെയാണ് നസ്‌റുദ്ദീൻ അക്രമാസക്തനായത്. കത്തി ഉപയോഗിച്ചുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ പിതൃസഹോദരൻ പള്ളിത്തൊടിക ഹാരിസിന് പരിക്കേറ്റു. ഇയാളെ വണ്ടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയുടെ ബന്ധുവും മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ പി. ഷൗക്കത്തലിയെയും പ്രതി കാറിൽ പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാനായി ഷൗക്കത്തലി സമീപത്തെ വീട്ടിലേക്ക് സ്കൂട്ടർ തിരിച്ചുകയറ്റുകയായിരുന്നു.


കഞ്ചാവ് കേസ് ഉൾപ്പെടെ അഞ്ചോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ നസ്‌റുദ്ദീനെതിരെ പ്രദേശത്തെ ലഹരി ഇടപാടുകൾ ചൂണ്ടിക്കാട്ടി ഷൗക്കത്തലി ജില്ലാ പോലീസ് മേധാവിക്കും എ.പി. അനിൽകുമാർ എം.എൽ.എയ്ക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ, നസ്‌റുദ്ദീന്റെ പരാതിയിൽ പരിക്കേറ്റ ഹാരിസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments