LATEST

6/recent/ticker-posts

Header Ads Widget

42 വർഷമായി ഒളിവിൽ; സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയെന്ന വാർത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്

 



തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾക്ക് നിലവിൽ സ്ഥിരീകരണമില്ല. സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇത്തരത്തിലുള്ള പുതിയ വിവരങ്ങളൊന്നും പൊലീസിനോ ആഭ്യന്തര വകുപ്പിനോ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.42 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് ബ്രൂണെയിൽ ഇയാൾ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി പുതിയ വാർത്തകൾ പുറത്തുവന്നത്.


കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്നാണ് ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകളിലെ പ്രധാന അവകാശവാദം. ഒരു സൈബർ വിദഗ്ധൻ എഐ സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളും ബന്ധുക്കളുടെ ഫോൺ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ.


മലേഷ്യ-ബ്രൂണെ അതിർത്തിക്ക് സമീപമുള്ള സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നതായും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നതായും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.


എന്നാൽ, നിലവിൽ പുറത്തുവന്ന വിവരങ്ങൾക്ക് പിന്നിലെ ഉറവിടമോ തെളിവുകളോ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ലെന്നാണ് വിവരം. വെറും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.


അതേസമയം, ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.


പുതിയ അവകാശവാദങ്ങളിൽ യാഥാർഥ്യമുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. 42 വർഷമായി ദുരൂഹത തുടരുന്ന സുകുമാരക്കുറുപ്പ് കേസിൽ പുതിയ വഴിത്തിരിവാകുമോ ഈ അവകാശവാദം, അതോ മറ്റൊരു അഭ്യൂഹമായി അവസാനിക്കുമോ എന്നതാണ് ഇനി നിർണായകം.

Post a Comment

0 Comments