മലപ്പുറം | സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി മലപ്പുറം കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കോട്ടക്കുന്ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
അഡ്വ. എം റഹ്മത്തുള്ള എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ടി.പി. അഷ്റഫലി എം.എൽ.എ, മലപ്പുറം നഗരസഭാ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി , മുൻ എം.എൽ.എ പി.ഉബൈദുള്ള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാവ, എം.കെ. മുഹ്സിൻ, സി.എച്ച്. നൗഷാദ്, സുന്ദരൻ എന്നിവർ പങ്കെടുത്തു. എ.ഡി.എം പി.ഒ സാദിഖ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര നന്ദിയും പറഞ്ഞു.
ആഗസ്റ്റ് 26 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ അരങ്ങേറുന്നത്.
കോട്ടക്കുന്നിൽ പെയ്തിറങ്ങി ചിരിയുടെയും സംഗീതത്തിന്റെയും ഓണനിലാവ്
ജില്ലാതല ഓണം വാരാഘോഷത്തിന് കോട്ടക്കുന്നിൽ ആവേശോജ്വല തുടക്കം. ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ അരങ്ങേറിയ കലാപരിപാടികൾ ഓണസന്ധ്യയെ ചിരിയുടെയും സംഗീതത്തിന്റെയും നിറവിൽ ആഘോഷമാക്കി. കോട്ടക്കുന്ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് ആസ്വാദകരാണ് കലാവിരുന്ന് ആസ്വദിക്കാനെത്തിയത്.
ചലച്ചിത്ര താരങ്ങളായ ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും ചേർന്ന് അവതരിപ്പിച്ച ‘കണാരൻ ഷോ’ സദസ്സിൽ ചിരിയുടെ പൂത്തിരി കത്തിച്ചു. കോഴിക്കോടൻ ശൈലിയിലുള്ള നർമ്മഭാഷണങ്ങളും സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള സ്കിറ്റുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ നർമ്മത്തിന്റെ മികവോടെ ഇരുവരും കൈയിലെടുത്തു.
തുടർന്ന് ഫാസില ബാനുവും സംഘവും ഒരുക്കിയ ഗാനമേള ഓണരാവിന് സംഗീതത്തിന്റെ മധുരം പകർന്നു. ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല മെലഡികൾക്കൊപ്പം ചടുലമായ പുത്തൻ ഹിറ്റ് ഗാനങ്ങളും കോർത്തിണക്കിയ സംഗീതവിരുന്ന് സദസ്സിനെ താളത്തിലാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഓണാഘോഷത്തിന്റെ ആവേശം നുകരാൻ കോട്ടക്കുന്നിലെത്തിയത്.
ഇന്ന് (ആഗസ്റ്റ് 27) വൈകുന്നേരം എടരിക്കോട് സംഘം അവതരിപ്പിക്കുന്ന ഒപ്പനയും കോൽക്കളിയും കലാമണ്ഡലം വിവേക് പാലക്കാടിന്റെ ചാക്യാർകൂത്തും അരങ്ങിലെത്തും. തുടർന്ന് പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവും നടക്കും.
വെള്ളിയാഴ്ച (ആഗസ്റ്റ് 28) പാലക്കാട് നിഴൽ ഫോക് ബാൻഡിന്റെ നേതൃത്വത്തിൽ നാടൻപാട്ട്, തെയ്യം, തിറ, കാളി വേഷങ്ങൾ എന്നിവ അരങ്ങേറും. ശനിയാഴ്ച (ആഗസ്റ്റ് 29) ഷൊർണൂർ കെ. വിശ്വനാഥ പുലവർ സംഘത്തിന്റെ തോൽപ്പാവക്കൂത്തും തുടർന്ന് സമീർ ബിൻസിയും സംഘവും ഒരുക്കുന്ന സൂഫി ഖവ്വാലി നൈറ്റും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച (ആഗസ്റ്റ് 30) ശിവഗംഗ വളാഞ്ചേരിയുടെ തിരുവാതിരക്കളിയും പിന്നണി ഗായകൻ അഫ്സൽ നയിക്കുന്ന ‘സ്മൃതിഗീതം’ മ്യൂസിക് ഷോയും അരങ്ങേറും.
ഓണം വാരാഘോഷത്തിന്റെ എല്ലാ പരിപാടികളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.



0 Comments