തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദന കേസ് അട്ടിമറിച്ചുവെന്ന കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് കുരുക്ക് മുറുകുന്നു. മർദ്ദനക്കേസ് അന്വേഷിച്ച സംഘം തിരുവനന്തപുരത്ത് എത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ പേരൂർക്കട പൊലീസ് ക്ലബ്ബിലെത്തിയതിന് തെളിവുണ്ട്. പൊലീസ് ക്ലബ്ബിലെ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ പേരുണ്ട്.
2024 ഓഗസ്റ്റിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ക്ലബ്ബിലെത്തിയത്. ഈ സമയം എം ആർ അജിത്കുമാറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എഡിജിപിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി പരിശോധിച്ച് വരികയാണ്. അജിത്കുമാറിന്റെ ഇടപെടൽ സ്ഥിരീകരിക്കാനാണ് നീക്കം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസ് അട്ടിമറിച്ചുവെന്ന കേസിൽ അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും വ്യാപിപ്പിച്ചിരുന്നു. അജിത് കുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി എടുക്കാനാണ് തീരുമാനം. മർദ്ദനത്തിന് ഉപയോഗിച്ച ലാത്തികൾ കണ്ടെത്തി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമുണ്ട്. പ്രതികളുടെ ഫോൺകോൾ വിവരങ്ങൾ എസ്ഐടി പരിശോധിച്ച് വരികയാണ്. മർദ്ദനത്തിന് നിർദേശമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാട്ടി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതികളെ രക്ഷിക്കാൻ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്നത്.
പൊലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങൾ ലഭ്യമായി എന്ന റഫർ റിപ്പോർട്ടിലെ പ്രസ്‌താവന കള്ളമാണ്. പൊലീസ് ഫോട്ടോഗ്രാഫർ മർദനം പകർത്തിയിട്ടില്ല എന്ന് മൊഴി നൽകിയിട്ടുണ്ട്. റഫർ റിപ്പോർട്ടിൽ പൊലീസ് ഫോട്ടോഗ്രാഫർ ദൃശ്യം പകർത്തി എന്ന കാര്യം വ്യാജമായി രേഖപ്പെടുത്തിയെന്നും എസ്ഐടി റിപ്പോർട്ടിലുണ്ടായിരുന്നു. ആലപ്പുഴ സെഷൻസ് കോടതിയിലായിരുന്നു എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം കേസിൽ ഗ്രേഡ് എസ്ഐമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായേക്കുമെന്നാണ് വിവരം.



0 Comments