മുംബൈ: നഗരത്തിലെ ചുനാഭട്ടിയിൽ 17നിലകളുള്ള പാർപിട സമുച്ചയത്തിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ 'ഗാലക്സി അപ്പാർട്ട്മെന്റിലാണ് സംഭവം.
അബ്ദുൾ വഹാബാണ് മരിച്ചത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിങ്ങിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുൾ വഹാബിന്റെ തലയിലേക്കാണ് കോൺക്രീറ്റ് കഷ്ണം വീണത്.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് സ്വകാര്യ വാഹനത്തിൽ സിയോണിലെ കോർപ്പറേഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടാവസ്ഥയിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോൺക്രീറ്റ് ഭാഗങ്ങൾ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.



0 Comments