കുവൈത്ത് സിറ്റി: ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് സാരമായ നാശനഷ്‌ടം സംഭവിച്ചതിനെ തുടർന്ന്, വിദേശ-ഗൾഫ് വിമാനക്കമ്പനികൾക്ക് ടെർമിനൽ നാലിൽ നിന്ന് പരിമിതമായ സർവീസുകൾ നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി.
ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതോടെയാണ് ടെർമിനൽ ഒന്നിൽ നിന്നുള്ള സർവീസുകൾ പൂർണമായി നിർത്തിവെച്ചത്.
നിലവിൽ അറ്റകുറ്റപ്പണികൾക്കായി ടെർമിനൽ ഒന്ന് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് എയർവേയ്‌സ് മാത്രം ഉപയോഗിച്ചിരുന്ന ടെർമിനൽ നാല് വിദേശ വിമാനങ്ങൾക്കായി താൽക്കാലികമായി തുറന്നുകൊടുക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ജസീറ എയർവേയ്‌സ് ടെർമിനൽ അഞ്ചിൽ നിന്നും സർവീസ് തുടരുന്നുണ്ട്.
സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ വലഞ്ഞിരുന്ന മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ കുതിച്ചുയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സർവീസുകൾ ഘട്ടം ഘട്ടമായി വിപുലീകരിക്കുമെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപായി വിമാന ഷെഡ്യൂളുകൾ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



0 Comments