തേഞ്ഞിപ്പലം: കാക്കക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അണ്ണാൻ കുഞ്ഞിന് വിദ്യാലയ മുറ്റത്ത് പുനർജന്മം. രണ്ടാം ക്ലാസ്സുകാരിയായ ഇസ മെഹറിന്റെയും അധ്യാപകരുടെയും കരുതലിലാണ് ഈ കുഞ്ഞുജീവൻ ഇപ്പോൾ സുരക്ഷിതമായിരിക്കുന്നത്.
എളമ്പുലാശ്ശേരി എ എൽ പി സ്കൂളിലെ വിദ്യാർത്ഥിനിയായ ഇസ മെഹറിനും ഉമ്മയും
സ്കൂളിലേക്ക് വരുന്ന വഴി പാണമ്പ്ര അണ്ടർ പാസ് പാലത്തിന് സമീപം കാക്കക്കൂട്ടം ഒത്തുകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്താണെന്ന് പരിശോധിച്ചപ്പോഴാണ് കാക്കകൾ കൊത്തി താഴെയിട്ട നിലയിൽ ഭയന്നുവിറച്ച ഒരു കുഞ്ഞ് അണ്ണാൻകുഞ്ഞിനെ കണ്ടെത്തിയത്. ഒട്ടും സമയം കളയാതെ അതിനെ ഇസ കൈകളിൽ എടുക്കുകയും, അടുത്തുള്ള വീട്ടിൽ നിന്നും ചകിരിയും കോട്ടൺ തുണിയും സംഘടിപ്പിച്ച് ഒരു ബോക്സിൽ സൗകര്യപ്രദമായ കിടക്കയൊരുക്കി സ്കൂളിലേക്ക് എത്തിക്കുകയുമായിരുന്നു.
സ്കൂളിലെത്തിച്ച ശേഷം നേർപ്പിച്ച പാൽ ഡ്രോപ്പർ വഴി നൽകിയതോടെ അണ്ണാൻകുഞ്ഞിന്റെ പേടി കലർന്ന കരച്ചിൽ മാറി.
പിന്നീട് ഉച്ചയോടെ മൃഗാശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. അണ്ണാൻകുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തുകയും, ദഹനത്തിനായുള്ള മരുന്നുകൾ നൽകി തിരികെ വിടുകയും ചെയ്തു.സ്കൂൾ പരിസ്ഥിതി ക്ലബിലെ അംഗമായ ഇസ മെഹറിൻ സൂപ്പർ ബസാർ സ്വദേശി ഇസ്മയിൽ, എളമ്പുലാശ്ശേരി സ്കൂളിലെ അധ്യാപികയുമായ ഉമ്മുഹബീബ ദമ്പതി മാരുടെ മകളുമാണ് .
പ്രകൃതിയോടും സഹജീവികളോടും കാണിക്കേണ്ട കരുണയുടെ വലിയൊരു പാഠമാണ് ഈ കൊച്ചു മിടുക്കി സമൂഹത്തിന് കാണിച്ചുതരുന്നത്. സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ,ഹെഡ് മിസ്ട്രസ്
ഇ എൻ ശ്രീജ,പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എന്നിവർ ഇസ മെഹറിന് പ്രത്യക അഭിനന്ദനം അർപ്പിച്ചു.



0 Comments