എളമ്പുലാശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൗജന്യമായി തുണിസഞ്ചികൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് ഭൂമിയുടെ ശത്രു എന്ന സന്ദേശം സഞ്ചിയിൽ പ്രിന്റ് ചെയ്തിട്ടുണ്ട് .സ്കൂളിലെ ദേശീയ ഹരിതസേന യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ സഞ്ചികൾ ഒരുക്കിയത്.
ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഗ്രീൻലാൻഡ് തേഞ്ഞിപ്പലത്തിന്റെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നതിനായി 300 വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ മരം നടൽ, പരിസ്ഥിതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബാഡ്ജ് നിർമ്മാണം തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്.
പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഇ. എൻ. ശ്രീജ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. മുസ്തഫ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ ,ഗ്രീൻലാൻഡ് ചെയർമാൻ അഡ്വ. കെ. ടി. വിനോദ് കുമാർ, ദേശീയ ഹരിതസേന കോർഡിനേറ്റർ പി. മുഹമ്മദ് ഹസ്സൻ എന്നിവർ സംസാരിച്ചു.



0 Comments