LATEST

6/recent/ticker-posts

Header Ads Widget

തിരിച്ചടിച്ച് ഇസ്റാഈൽ; ടെഹ്റാനിൽ അടക്കം ആക്രമണം; വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു

 



ടെഹ്റാൻ: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്റാഈൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫ‌ഹൻ, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ടെഹ്റാനിൽ രണ്ട് ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.


ഇസ്ഫഹനിൽ മൂന്ന് സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഐആർജിസി അറിയിച്ചു. ടെഹ്റാനിൽ നഗരപ്രദേശങ്ങൾ ഇസ്രയേൽ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ്റെ പടിഞ്ഞാറൻ മേഖലയിലാണ് ആക്രമണം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. ആക്രമണത്തിൽ മരണമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടർന്ന് ടെഹ്റാനിലെ ഇമാം ഖൊമെയ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ടെഹ്റാനിലെ രണ്ട് വിമാനത്താവളങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇമാം ഖൊമെയ്നി വിമാനത്താവളം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ഏപ്രിലിലായിരുന്നു വീണ്ടും തുറന്നത്.


ഞായറാഴ്ചയായിരുന്നു ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കൻ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അടക്കം വർഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ശക്തമായ ആക്രമണമായിരുന്നു ഇത്. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ഇറാൻ പറഞ്ഞത്.

Post a Comment

0 Comments