എറണാകുളം: താര സംഘടന 'അമ്മ'യിൽ നിലവിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിശോധിക്കാൻ അഞ്ചംഗ സമിതി. ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി സമിതി പരിശോധിക്കും. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
സ്വതന്ത്രസമിതി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരെ സമിതിയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, സമിതിക്ക് മുന്നിൽ എത്തുമോ എന്നതിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്വേതാ മേനോൻ ഉൾപ്പെട്ട സമിതി തന്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്നാണ് നടി നേരത്തെ സ്വീകരിച്ച നിലപാട്. ശ്വേതാ മേനോനും തന്റെ പരാതിയിൽ ആരോപണവിധേയ ആണെന്നാണ് നടിയുടെ വാദം
ഭരണസമിതിയുടെ ഭാഗമായ ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടാത്ത സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയേയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആകില്ലെന്ന് ശ്വേതാ മേനോൻ നിലപാട് സ്വീകരിക്കുകയായിരുന്നു.
അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. 'അമ്മ'യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടൻ്റെ വിശദീകരണം.
നടനെതിരെ അൻസിബ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. നടിയുടെ പരാതിയിൽ കൊച്ചി കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണസംഘം തിങ്കളാഴ്ച അൻസിബയുടെ മൊഴിയെടുക്കും. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും ടിനിയെ വിളിപ്പിക്കുക.



0 Comments