LATEST

6/recent/ticker-posts

Header Ads Widget

ഡ്രൈവിങ് ലൈസന്‍സിന് 50 വയസ്സ് വരെ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

 



ന്യൂഡല്‍ഹി: രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് സംവിധാനത്തില്‍ വലിയ മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ആലോചന. നിലവില്‍ 20 വര്‍ഷമായി നിശ്ചയിച്ചിരിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി, ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെയാക്കി ഉയര്‍ത്തുന്നതിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിഗണിക്കുന്നത്. നിലവിലെ ചട്ടപ്രകാരം ഡ്രൈവിങ് ലൈസന്‍സ് 20 വര്‍ഷത്തേക്ക് സാധുവാണ്. കാലാവധി പൂര്‍ത്തിയായാല്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. പുതിയ നിര്‍ദേശം നടപ്പായാല്‍ ലൈസന്‍സ് ലഭിച്ച ശേഷം 50 വയസ്സ് വരെ അത് സാധുവായിരിക്കുമെന്നതിനാല്‍ ആര്‍ടിഒ ഓഫീസുകളിലെ നടപടിക്രമങ്ങളും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.


ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് പുതുക്കല്‍, ഫീസ് അടയ്ക്കല്‍ തുടങ്ങിയ നടപടികളും പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള പദ്ധതിയും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ഓഫീസുകളിലെ തിരക്കും രേഖാപരമായ നടപടികളും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ ലഘൂകരിക്കുമ്പോഴും ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കൂടുതല്‍ കര്‍ശനമായ സംവിധാനം കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നീക്കം. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 'നെഗറ്റീവ് പോയിന്റുകള്‍' നല്‍കുകയും, ഗുരുതരമായ ലംഘനങ്ങള്‍ ലൈസന്‍സ് സസ്‌പെന്‍ഷനിലേക്കോ റദ്ദാക്കലിലേക്കോ നയിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ വീണ്ടും ലൈസന്‍സ് ലഭിക്കുന്നതിന് പ്രത്യേക പരിശീലനമോ പുനര്‍പരീക്ഷയോ നിര്‍ബന്ധമാക്കുന്നതും പരിഗണനയിലുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഈ നടപടികളെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, പദ്ധതി നടപ്പിലായാല്‍ രാജ്യത്തെ കോടിക്കണക്കിന് ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും ഗതാഗത രംഗത്ത് ശ്രദ്ധേയമായ ഭരണപരിഷ്‌കാരമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

Post a Comment

0 Comments