കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും ആളുകള്‍ തടിച്ചുകൂടുന്നത് കണ്ട് പൊലീസ് ക്രമസമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്വമേധയ എത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഈ രണ്ട് സ്ഥലത്തും ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇഡി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചുപോവുകയാണ് ഉണ്ടായത്. എന്നാല്‍ തിരുവനന്തപുരത്തുണ്ടായത് ആസൂത്രിതമായ ആക്രമണമാണുണ്ടായത്. പിണറായിയിലും കോഴിക്കോടുമുണ്ടാകാത്ത സംഭവം എങ്ങനെയാണ് തിരുവനന്തപുരത്തുണ്ടായത്. ഇവിടെ ബോധപൂര്‍വമായി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിച്ചത് – ആഭ്യന്തരമന്ത്രി ആരോപിച്ചു.
അക്രമം നടത്തിയ ആളുകളുടെ പേരില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളായ ആളുകളുടെ ചിത്രങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. അതുപയോഗിച്ചുകൊണ്ട് ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. നിയമം കൈയിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ല. അതിശക്തമായിത്തന്നെ ഗവണ്‍മെന്റ് അതിനെ നേരിടും. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്. പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും നമ്മള്‍ എതിരല്ല. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ട്. അന്വേഷിക്കാന്‍ വന്ന ഇഡി ഉദ്യോഗസ്ഥരെ അക്രമിക്കുക, മൂന്ന് കാറുകള്‍ തല്ലിത്തകര്‍ക്കുക ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല – അദ്ദേഹം പറഞ്ഞു.
#RameshChennithala #EDRaid #PinarayiVijayan



0 Comments