LATEST

6/recent/ticker-posts

Header Ads Widget

നവജാത ശിശുവിനെ ജനൽവഴി പുറത്തേക്കെറിഞ്ഞ സംഭവം; ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു, കുഞ്ഞിനെ വേണ്ടെന്ന് യുവതി

 


ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യെ അറിയിച്ചു. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.


വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു.


യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ അറുപത് ദിവസം പരിചരിക്കും. ഈ സമയം വരെ കുഞ്ഞിനെ അമ്മയ്ക്ക് വേണമെങ്കില്‍ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാല്‍ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാല്‍ അമ്മയ്ക്ക് അവകാശമുന്നയിക്കാനാവില്ല. അതേസമയം, കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ചൈല്‍ ലൈന്‍ വഴി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ആശുപത്രി ജീവനക്കാര്‍ കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.



കഴിഞ്ഞ ദിവസമാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനൽവഴി പുറത്തേക്കിടുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ‍ർണ വളർച്ചയെത്തിയ പെൺക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിയുടെ പേരിൽ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments