മുംബൈ: മുംബൈയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ മസാലദോശയിൽ എലിയെ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഹോട്ടലുടമകളിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ വ്യാജ പരാതിയാണെന്ന ആരോപണവുമായി ഹോട്ടൽ മാനേജ്മെന്റ് രംഗത്തെത്തി.
സെപ്തംബർ 24ന് മുംബൈ ബോറിവാലിയിലെ പ്രമുഖ ഭക്ഷണശാലയായ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം. മാൻസി ആചാര്യ(36) എന്ന സ്ത്രീയും സഹോദരനും മറ്റൊരു വ്യക്തിക്കും കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തി. ഇവർ ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന് ആരോപിച്ച് മാൻസി ബഹളംവെച്ചു.
തന്റെ സഹോദരൻ ദോശ കുറച്ച് കഴിച്ച ശേഷമാണ് അതിനുള്ളിൽ ചെറിയ ചത്ത എലിയെ കണ്ടെത്തിയതെന്ന് മാൻസി പറയുന്നു. ഇത് കണ്ട് സഹോദരൻ ഉടൻ തന്നെ ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ ബോറിവലി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്, സെപ്റ്റംബർ 28-ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ, വീഡിയോ കൂടുതൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലുടമയിൽ നിന്നും ബന്ധുക്കളിൽ നിന്നും 25 ലക്ഷം രൂപ മാൻസി ആവശ്യപ്പെടുകയായിരുന്നു. നിരന്തരമായ ഭീഷണിയെ തുടർന്ന് 6 ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീർപ്പാക്കാമെന്ന് ധാരണയാവുകയും 1 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. സെപ്റ്റംബർ 29-ന് ഹോട്ടലുടമ ബോറിവലി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്, ബാക്കി തുക വാങ്ങാനെത്തിയ യുവതിയെ പൊലീസ് വലയിലാക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.



0 Comments