തിരുവനന്തപുരം: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്.
എസ്ഐആർ പൂർണമായി റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഐആർ നടപടിയിലൂടെ രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കപ്പെട്ടതായി പ്രകാശ് രാജ് ആരോപിച്ചു. വീട്ടിൽ ആളില്ലാത്തതിന്റെ പേരിലും സ്ഥലമാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാലും വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. കർണാടകയിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ അകാരണമായി പട്ടികയിൽനിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയെന്നും അവകാശപ്പെട്ടു.
എസ്ഐആർ നടപ്പാക്കാൻ എന്തിനാണ് ഇത്ര തിടുക്കം കാണിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന നടപടിക്രമത്തിൽ മാറ്റം വരുത്തിയത് എന്തിനാണെന്നും പ്രകാശ് രാജ് ചോദിച്ചു. വിവരാവകാശ അപേക്ഷ നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, ദരിദ്രർ, ദിവസവേതന തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ എസ്ഐആർ നടപടികൾ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം ആരോപിച്ചു. വോട്ടർപട്ടിക പുനഃസ്ഥാപിക്കുകയും നീക്കംചെയ്ത അർഹരായ വോട്ടർമാരുടെ പേരുകൾ തിരിച്ചുചേർക്കുകയും വേണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.



0 Comments