LATEST

6/recent/ticker-posts

Header Ads Widget

ജില്ലയിൽ പർച്ചവ്യാധികൾ പടരുന്നു; 10 ദിവസത്തിനിടെ 15,000 കടന്ന് പനിബാധിതർ, എലിപ്പനിയും ഡെങ്കിയും ആശങ്കയാകുന്നു.


 

മലപ്പുറം ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള പത്ത് ദിവസത്തെ കണക്കുകൾ പ്രകാരം ജില്ലയിലുടനീളം സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്.


​കഴിഞ്ഞ പത്ത് ദിവസത്തിനിടെ ജില്ലയിൽ ഒൻപത് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. വെട്ടത്തൂർ, പാങ്ങ്, തിരുവാലി, എടക്കര, പോരൂർ, പൊന്നാനി എന്നീ മേഖലകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ഓഗസ്റ്റ് 26-ന് ചേരിയം സ്വദേശിയായ 22 വയസ്സുള്ള യുവാവ് എലിപ്പനി ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 133 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു.


കൂട്ടിലങ്ങാടി, തൂവൂർ, വണ്ടൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, കാളികാവ്, താഴെക്കോട്, മഞ്ചേരി, മക്കരപ്പറമ്പ്, പൂക്കോട്ടൂർ, അരീക്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി വ്യാപനം കൂടുതൽ.


പത്തു ദിവസത്തിനിടെ 15,307 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത്. ഇതിൽ 78 പേരെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കൂടാതെ 35 മഞ്ഞപ്പിത്ത കേസുകളും 2,056 വയറിളക്ക രോഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനി ബാധിതരിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതും, നീണ്ടുനിൽക്കുന്ന ചുമയും കഫക്കെട്ടും കണ്ടുവരുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.


കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവരും ശുചീകരണ തൊഴിലാളികളും പ്രതിരോധ മരുന്നായ 'ഡോക്സിസൈക്ലിൻ' നിർബന്ധമായും കഴിക്കണമെന്നും, ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ്.

Post a Comment

0 Comments