ന്യൂഡൽഹി: മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന സർക്കാരിനെതിരായ വാർത്തകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും രാജ്യത്തെ ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത തരത്തിൽ നിയന്ത്രിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. വിമർശനങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ അവയെ ഇല്ലാതാക്കാൻ ഭരണകൂടം സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നീക്കം ചെയ്യാൻ ഐടി നിയമങ്ങളുടെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിന് ആരും നൽകിയിട്ടില്ല. മാധ്യമങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല.
കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകൾ മാത്രമല്ല, സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും ഇത്തരത്തിൽ നിയന്ത്രിക്കപ്പെടുന്നുവെന്നത് കൂടുതൽ ആശങ്കാജനകമാണ്. അധികാരത്തിന്റെ രാഷ്ട്രീയനിറം എന്തുതന്നെയായാലും, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടികൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്.
വി ഡി സതീശൻ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൈരളി ന്യൂസ്, ദേശാഭിമാനി, റിപ്പോർട്ടർ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽനിന്ന് ഇന്ന് വ്യാപകമായി നീക്കം ചെയ്‌തു. ടി ജി മോഹൻദാസിൻറെ അറസ്റ്റിൽ വിഡി സതീശൻ സർക്കാരിനെതിരായ വിമർശനവും, എംഡിഎംഎ കേസിൽ അറസ്റ്റിലായവരും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫേസ്ബുക്ക് ചിത്രം പുറത്തുവന്നതും, മോദി സർക്കാരിനെ വിമർശിക്കുന്ന പിണറായി വിജയൻറെ വാർത്തയുമൊക്കെ മെറ്റ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. വ്യക്തിഗത പ്രൊഫൈലുകളിൽനിന്നും ഇത്തരത്തിൽ വാർത്തകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടാകണം. വിമർശനാത്മകമായ വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കൂടി ഹനിക്കുന്നതാണ്.
ഐടി റൂളിൻറെ മറവിൽ മാധ്യമ ഉള്ളടക്കങ്ങൾ മെറ്റയിൽ സമ്മർദ്ദം ചെലുത്തി നിയന്ത്രിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഏത് സർക്കാർ ആയാലും വിമർശനം സഹിക്കാനുള്ള ജനാധിപത്യപരമായ പക്വത കാണിക്കണം. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യത്തെ മുഴുവൻ മാധ്യമ സമൂഹവും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.



0 Comments