ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
നെടുമങ്ങാട് പനവൂർ സ്വദേശിയായ കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് 78 പേജുള്ള കുറ്റപത്രത്തിലെ കണ്ടെത്തല്‍. കുഞ്ഞിന്റെ ശരീരത്തില്‍ നിരവധി മുറിവുകളും ഏഴ് വാരിയെല്ലുകള്‍ക്ക് പൊട്ടലും കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രൂരമർദനം, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അമ്മ അഖിലയ്ക്കും പങ്കാളി എ. അഷ്‌കറിനുമെതിരെ നെടുമങ്ങാട് എസ്‌സി, എസ്ടി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്‌സി, എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മേയ് 29ന് വൈകിട്ട് അവശനിലയിലായ കുഞ്ഞിനെ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോള്‍ ചുമയും ഛർദിയും ഉണ്ടായെന്നാണ് അഷ്‌കർ ആദ്യം പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്. പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളും ഏഴ് വാരിയെല്ലുകള്‍ തകർന്നതുംകണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുണ്ടായ നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും കാലില്‍ തീ വച്ച് പൊള്ളിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തതായി അഷ്‌കർ സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നാണ് തുടർച്ചയായി മർദിച്ചതെന്നും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അഷ്‌കർ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്ന സമയത്താണ് സംഭവം. അഷ്‌കർ കുഞ്ഞിനെ മർദിച്ചിരുന്നതായി അറിയാമായിരുന്നെന്ന് അഖിലയും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുൻപ് അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് എസ്. അഖില്‍ ജീവനൊടുക്കിയിരുന്നു. അതിനുശേഷം കുഞ്ഞ് ജനിക്കുന്ന സമയത്തും അഖില അമ്മയ്ക്കൊപ്പമായിരുന്നു താമസം. പിന്നീട് ഡ്രൈവറായ അഷ്‌കറിനൊപ്പം വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
#nedumangad



0 Comments