LATEST

6/recent/ticker-posts

Header Ads Widget

'പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ല'; കരുവാറ്റയിലെ 67കാരന്റെ കൊലപാതകം, കൗമാരക്കാര്‍ പ്ലാൻ ബിയും തയ്യാറാക്കിയതായി പൊലീസ്

 


കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പിടിയിലായാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികളായ കൗമാരക്കാർ നേരത്തെ 'പ്ലാൻ ബി' തയ്യാറാക്കിയിരുന്നതായാണ് വിവരം.


സംഭവത്തെക്കുറിച്ച്‌ ചോദ്യം ചെയ്താല്‍ പറയേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ഇവർ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.


കൊലപാതകത്തിന്റെ യഥാർഥ കാരണം മറച്ചുവെക്കാനും അന്വേഷണത്തെ വഴിതെറ്റിക്കാനുമായിരുന്നു ഇവരുടെ ശ്രമം. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മരുന്നു നല്‍കാനാണ് ഹരിപ്പാട് എത്തിയതെന്നും പറയാൻ പരസ്പരം തീരുമാനിച്ചു.

എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ പോലീസ് കണ്ടെത്തിയതോടെ കൗമാരക്കാരുടെ പ്ലാൻ ബി പൊളിഞ്ഞു.


കൂടാതെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന് മേല്‍ കെട്ടിവയ്ക്കാനും കൗമാരക്കാരി ശ്രമിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ അടക്കം വാട്സാപ്പില്‍ അവശേഷിച്ചിരുന്നതിനാലാണ് കൗമാരക്കാരി പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെണ്‍കുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.


കൊലപാതകത്തില്‍ വേഗത്തില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൊലപാതകം നേരിട്ട് നടത്തിയ 3 കൗമാരക്കാരെയും 22ന് കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം കൊടുക്കാനാണ് ശ്രമം. പെണ്‍കുട്ടി ഉന്നയിച്ച ബാഡ് ടച്ച്‌ ആരോപണത്തിലും അന്വേഷണം വേഗത്തിലാക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.


പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും അന്വേഷണത്തില്‍ ലഭിച്ച തെളിവുകളും കേന്ദ്രീകരിച്ച്‌ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.


#MurderCase

Post a Comment

0 Comments