അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി. സൈനിക യുദ്ധത്തിൽ ഫലം കാണാനായില്ല, അതിനാൽ ഇപ്പോൾ അടുത്ത പരാജയത്തിന് ‘സാമ്പത്തിക യുദ്ധം’ എന്നാണ് അവർ പേരിട്ടിരിക്കുന്നത് എന്നും കാസിം ഗരീബാബാദി പ്രതികരിച്ചു. ഇറാനെതിരെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ‘സാമ്പത്തിക നടപടി’ ആരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിനോടായിരുന്നു ഇറാൻ ഉപവിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
'ഇറാൻ പരാജയത്തിന്റെ വക്കിലാണെന്നും, ഒരു നൂൽപ്പാലത്തിലാണ് പിടിച്ചുനിൽക്കുന്നതെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ അതേസമയം, സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം സഖ്യരാജ്യങ്ങളോട് അവർ യാചിക്കുകയാണ്' എന്നും കാസിം ഗരീബാബാദി എക്സ് പോസ്റ്റിൽ കുറിച്ചു. അമേരിക്കൻ പൊതുകടം ആദ്യമായി 40 ട്രില്യൺ ഡോളർ കടന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയും ഗരീബാബാദി അമേരിക്കിയെ വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപ് പ്രഖ്യാപിച്ച പുതിയ ഉപരോധനടപടികളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ആഭ്യന്തര വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു അരാഗ്ചിയുടെ ആരോപണം. ‘എക്കണോമിക് ഡി-ഡേ’ എന്ന് വിളിക്കുന്ന ഈ നീക്കം വാഷിംഗ്ടണിന് കൂടുതൽ പരാജയങ്ങൾ മാത്രമേ സമ്മാനിക്കൂ എന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്ക മിഡിൽ ഈസ്റ്റിൽനിന്ന് ‘അഭിമാനകരമായ ഒരു പിന്മാറ്റത്തിന്’ ശ്രമിക്കുകയാണെന്നും അതോടൊപ്പം പുതിയ പ്രാദേശിക ക്രമം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചത്.



0 Comments