ദുബൈ: പ്രാദേശിക സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി. ഇതിഹാദ് എയർവേയ്സും എയർ അറേബ്യയും ഇന്ന് (ജൂലൈ 31) ബഹ്റൈൻ, കുവൈത്ത്, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഏതാനും സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.
ഇത്തിഹാദ്
അബൂദബി- ബഹ്റൈൻ റൂട്ടിലെ സർവീസുകൾക്കു പുറമെ അബൂദബിയിൽ നിന്ന് കുവൈത്തിലേക്കുള്ള EY653, കുവൈത്തിൽ നിന്ന് അബൂദബിയിലേക്കുള്ള EY654 സർവീസുകളും ഇത്തിഹാദ് റദ്ദാക്കി.
ബാധിക്കപ്പെട്ട യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ കമ്പനി നടപടികൾ സ്വീകരിക്കുന്നുണ്ട്.
എയർ അറേബ്യ
എയർ അറേബ്യയും ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. ഷാർജ- കുവൈത്ത് റൂട്ടിലെ G9068, G9124 സർവീസുകൾ, ഷാർജ-ബഹ്റൈൻ റൂട്ടിലെ G9107, ഷാർജ- അബ്ഹ റൂട്ടിലെ G9195, അബൂദബി- കുവൈത്ത് റൂട്ടിലെ 3L020 സർവീസുകളാണ് റദ്ദാക്കിയത്.
മറ്റ് സർവിസുകൾ
എമിറേറ്റ്സും ഫ്‌ലൈദുബൈയും പ്രധാന സർവീസ് മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇവയുടെ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണ്. സഊദിയയും ഒക്ടോബർ അവസാനം വരെയുള്ള റദ്ദാക്കലുകളും സമയക്രമത്തിലെ മാറ്റങ്ങളും റിസർവേഷൻ സംവിധാനത്തിൽ പുതുക്കിയതായി അറിയിച്ചു. ഖത്തർ എയർവേയ്സ് ബഹ്റൈൻ, ഇർബിൽ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയർവേയ്‌സ് ദുബൈ, ബഹ്റൈൻ, അമ്മാൻ, ടെൽ അവീവ് സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവച്ചിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ്, എയർ കാനഡ, കാതേ പസഫിക്, ഫിന്നെയർ, ഐടിഎ എയർവേയ്‌സ് എന്നിവ ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിയിട്ടുണ്ട്.
ലുഫ്താൻസയും സ്വിസ് എയർലൈൻസും സെപ്റ്റംബർ 13 വരെ ദുബൈ സർവീസുകൾ പുനരാരംഭിക്കില്ല. എജിയൻ എയർലൈൻസ്, എയർ അസ്താന എന്നിവ ഓഗസ്റ്റ് 31 വരെ ദുബൈ സർവീസ് നിർത്തിവച്ചിട്ടുണ്ട്. കെഎൽഎം ഓഗസ്റ്റ് 23 വരെയും ഫിലിപ്പൈൻ എയർലൈൻസ് ഒക്ടോബർ 2 വരെയും ദുബൈ സർവീസുകൾ നിർത്തിയിട്ടുണ്ട്.
യാത്രക്കാർക്കുള്ള നിർദേശം
യുഎഇയിൽ നിന്ന് ഇന്ന് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതരും വിമാനക്കമ്പനികളും നിർദേശിച്ചു. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളും ആപ്പുകളും പരിശോധിക്കുകയും യാത്രയ്ക്ക് അധിക സമയം അനുവദിക്കുകയും വേണം. മേഖലയിൽ സുരക്ഷാ സ്ഥിതി അതിവേഗം മാറുന്നതിനാൽ വിമാന സർവീസുകളിലും സമയക്രമത്തിലും അവസാന നിമിഷം മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.



0 Comments