എ.ആർ.നഗർ: ജി.എൽ.പി.എസ് പുകയൂരിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും വായനാദിനാചരണവും വിപുലമായി ആഘോഷിച്ചു. സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വേലായുധൻ ചമ്പയിൽ നിർവ്വഹിച്ചു. വായന ജീവിതത്തെ രൂപപ്പെടുത്തുന്ന ഊർജ്ജമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.ജിനേഷ് അധ്യക്ഷത വഹിച്ചു.
"വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം" എന്ന സന്ദേശമെഴുതിയ ഭീമൻ ബാനറുമായി വിദ്യാർത്ഥികൾ നടത്തിയ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് പ്രത്യേക അസംബ്ലിയും നടന്നു.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകൻ പി.എൻ. പണിക്കരുടെ ഓർമ്മകൾ പുതുക്കി കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിരുന്നു. വായനാഭിരുചി വളർത്താൻ സംഘടിപ്പിച്ച ക്വിസ്, വായനാ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ സ്വയം നിർമ്മിച്ച് കൊണ്ടുവന്ന വായനാകാർഡുകളും ശ്രദ്ധേയമായി.
'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതിയിലൂടെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി. കുട്ടികൾ തന്നെ അണിയിച്ചൊരുക്കിയ 'വായനാമൃതം' എന്ന വായനാദിന സ്പെഷ്യൽ പത്രത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് വായനാദിനാഘോഷം മനോഹരമായൊരു അക്ഷരോത്സവമാക്കി മാറ്റി.അധ്യാപിക സി.ശാരി വായന ദിന സന്ദേശം നൽകി.എസ്.ആർ.ജി കൺവീനർ പി.ഷഹന,കെ.റജില,കെ.സദഖത്തുള്ള,കെ.രജിത,പി.ഷബ്ന,സി.ജിഷ,സൈഫുന്നീസ,കെ.ശ്രീഷ്മ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



0 Comments