ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥയെ കുട്ടികളുടെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പാഞ്ജലി തിയറ്ററിനു സമീപമുള്ള റസ്‌ഡൻ്ഷ്യൽ ഏരിയയിലാണ് സംഭവം. മഹാദേവപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മഞ്ജുളയാണ് (32) കൊല്ലപ്പെട്ടത്. ഭർത്താവ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ വാതുവയ്പ്പിലൂടെ പ്രദീപിന് കടുത്ത സാമ്പത്തിക നഷ്‌ടം നേരിട്ടതായി പൊലീസ് പറഞ്ഞു. തൻ്റെ വാതുവയ്പ്പ് ശീലം കുടുംബത്തെ തകർത്തെന്നും താനും ഭാര്യയും മരിക്കുമെന്നും പ്രസ്‌താവിക്കുന്ന വിഡിയോ കൊലപാതകത്തിനു മുൻപ് പ്രദീപ് റെക്കോർഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഭാര്യയോട് മാപ്പ് പറയാനെന്ന വ്യാജേന വീട്ടിലെത്തിയ ഇയാൾ കാൽക്കൽ വീണ് ക്ഷമ ചോദിച്ചു. ഇതിനിടെ, ഷർട്ടിനുള്ളിൽ ഒളിപ്പിച്ച കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. നിരവധി കുത്തുകളേറ്റ മഞ്ജുള സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആക്രമണത്തിനു ശേഷം പ്രദീപ് കത്തി ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. മഞ്ജുളയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രദീപിൽ നിന്ന് മഞ്ജുള നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് കുടുംബാഗങ്ങൾ ആരോപിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.



0 Comments