LATEST

6/recent/ticker-posts

Header Ads Widget

ഇസ്രയേലിൽ ഇറാന്റെ മിസൈൽ വർഷം; ലെബനനെ തൊട്ടാൽ കടുത്ത ആക്രമണം എന്ന് മുന്നറിയിപ്പ്

 


ടെല്‍ അവീവ്: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തി. ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഇസ്രയേലിന്റെ വടക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമുള്ള ശക്തമായ ആക്രമണമാണിത്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്നുമാണ് ഇറാന്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള തിരിച്ചടിയാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയവും പറഞ്ഞു. ഇറാനോ ലെബനനോ എതിരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലെബനനില്‍ ആക്രമണം നടത്താനാണ് തീരുമാനമെങ്കില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും മുന്നറിയിപ്പ് നല്‍കി.


ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചിലര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ പറഞ്ഞു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രതികരിച്ചു. അനുമതി ലഭിക്കുന്ന പക്ഷം തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സാമിര്‍ പറഞ്ഞു.

ഇറാനെതിരെ പ്രതികരണവുമായി സൈനിക വക്താവ് എഫി ഡെഫ്രിനും രംഗത്തെത്തി. ഇറാന്‍ ഭരണകൂടം തീവ്രവാദത്തിന്റെ പാതയിലാണെന്നും അവര്‍ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും എഫി ഡെഫ്രിന്‍ പറഞ്ഞു. ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നെന്നും അതിനുള്ള മറുപടിയെന്നോണമാണ് ബെയ്‌റൂത്തിലെ ദാഹിയായില്‍ ആക്രമണം നടത്തിയതെന്നും എഫി ഡെഫ്രിന്‍ പറഞ്ഞു. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ പ്രതിരോധ സേന തുടരുമെന്നും എഫി മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments