LATEST

6/recent/ticker-posts

Header Ads Widget

ടിപ്പുസുൽത്താൻ റോഡിൽ ദുരിതയാത്ര; സിപിഐഎം നിവേദനം നൽകി



എ ആർ നഗർ | കുണ്ടും കുഴിയും നിറഞ്ഞ അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിലെ വി കെ പടി - ചെണ്ടപ്പുറായ -കൂട്ടശ്ശേരി ടിപ്പുസുൽത്താൻ റോഡിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുരിതത്തിലായി യാത്രക്കാർ.

അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന എ ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് എൻജിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഓഫീസുകൾ നിലകൊള്ളുന്ന സ്ഥലമാണ് ചെണ്ടപ്പുറായ.അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്.

സ്ഥായിയായ പരിഹാരം ആവശ്യപ്പെട്ട് ക്ലബുകളുടെയും നാട്ടുകാരുടെയും പ്രതിഷേധം മറികടന്ന് ശനിയാഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ നട്ടപ്പാതിര നേരത്ത് കോറിപ്പൊടി ഇട്ടിരുന്നു. 

മഴ പെയ്തതോടെ കുട്ടികൾക്ക് നടക്കാൻ പോലും പറ്റാത്ത രീതിയിൽ ആകെ ചളി നിറഞ്ഞ അവസ്ഥയിലാണ്.

കഴിഞ്ഞ LDF സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്സിൽ ഈ റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് സിപിഐഎം എ ആർ നഗർ ലോക്കൽ കമ്മിറ്റി നിവേദനം നൽകിയിരുന്നു. അതിനെതുടർന്ന് പ്രവർത്തിക്കായി മൂന്ന് കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ്. ജനങ്ങളെ വിഡ്ഢികലാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രം എന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിയുടെ ഉദ്ഘാടനം നടന്നതുമാണ്. എന്നാൽ ഇത്വരെ പ്രവർത്തി നടത്താൻ സാധിച്ചിട്ടില്ല. രണ്ട് മാസം സ്കൂൾ അവധിയായിട്ടും എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും റോഡിന്റെ വർക്ക്‌ ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല. 

ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും എ ആർ പഞ്ചായത്ത് സെക്രട്ടറിക്കും സിപിഐഎം എ ആർ നഗർ ലോക്കൽ കമ്മിറ്റി നിവേദനം നൽകി.

അടിയന്തിരമായി ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാധ്യമാകുന്ന വേഗത്തിൽ വർക്ക് പൂർത്തിയാക്കണമെന്നും എ ആർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

ലോക്കൽ സെക്രട്ടറി സി പി സലീം, ഇ വാസു, ഇബ്രാഹിം മൂഴിക്കൽ, അഹമ്മദ് പാറമ്മൽ, കെ സുരേന്ദ്രൻ, ടി സിജിത്ത്  സംസാരിച്ചു.


Post a Comment

0 Comments