കൊച്ചി: വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തി ജീവിതം തകർത്തുവെന്ന് ആരോപിച്ചുള്ള കേസിൽ യുവാവിനു നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി വിധി.
എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണു പത്തനംതിട്ട കുടുംബക്കോടതിയുടെ വിധി.
വിവാഹ സമയത്തു വരൻ്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ നിലവിലെ വിപണിമൂല്യമോ 6% പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് നിർദേശിച്ചു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മറ്റൊരാളുമായുള്ള ബന്ധം വിവാഹശേഷവും യുവതി തുടർന്നുവെന്നും നേരത്തേ തന്നെ ഗർഭഛിദ്രം നടത്തിയെന്നു ബോധ്യപ്പെട്ടുവെന്നും വിവാഹശേഷവും ഗർഭഛിദ്രത്തിനു വിധേയയായെന്നും ഹർജിക്കാരൻ പരാതിപ്പെട്ടു.
വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തൽ എന്നിവയ്ക്കുള്ള പൊതു നഷ്ടപരിഹാരമായാണു ഹർജിക്കാരനു 15 ലക്ഷം രൂപ വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ 6% പലിശയും നൽകണം. എതിർകക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും ഈ നഷ്ടപരിഹാരത്തിൽ ബാധ്യതപ്പെടുത്തിയിട്ടുണ്ട്. വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കോടതി നടപടി



0 Comments