ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധികൾ മുന്നോട്ടുവെച്ചു. രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പ്രധാന ബോർഡ്, കോർപ്പറേഷൻ പദവികളും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺഗ്രസ് നേതൃത്വം അടിയന്തര യോഗം വിളിച്ചത്.
തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.

0 Comments