വാട്‌സ്ആപ്പിൽ വന്ന വിവാഹക്ഷണക്കത്ത് തുറന്ന വ്യവസായിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം രൂപ. ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കാൻ തട്ടിപ്പുകാർ എങ്ങനെയാണ് എപികെ (APK) ഫയലുകൾ ഉപയോഗിക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു സംഭവം.
ബംഗളൂരുവിലെ 42 വയസുകാരനായ ബിസിനസുകാരൻ നൂർ നഹീദ് ഖാനാണ് വിവാഹക്ഷണക്കത്ത് വാട്‌സ്ആപ്പ് സന്ദേശമായി ലഭിച്ചത്. ചടങ്ങിന്റെ വിശദാംശങ്ങൾ കാണുന്നതിനായി കൂടെയുള്ള ഫയൽകൂടി ഡൗൺലോഡ് ചെയ്യാൻ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. അപരിചിതമായ നമ്പറിൽ നിന്നാണ് സന്ദേശം വന്നതെങ്കിലും കൗതുകം കൊണ്ട് അദ്ദേഹം ആ ഫയൽ ഡൗൺലോഡ് ചെയ്തു. എന്നാൽ അത് ഒരു ഇൻവിറ്റേഷൻ കാർഡ് ആയിരുന്നില്ല, മറിച്ച് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയുന്ന ഒരു എപികെ (APK) ഫയലായിരുന്നു.
മെയ് 7ന് പുലർച്ചെ 2.50 നും വൈകുന്നേരം അഞ്ചിനും ഇടയിൽ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും പലതവണയായി പണം പിൻവലിക്കപ്പെട്ടു. ഒന്നിലധികം യുപിഐ (UPI) ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5,00,440 രൂപ പിൻവലിക്കപ്പെട്ടതായി പറയുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫോണിൽ ഇൻസ്റ്റാൾ ആയ മാൽവെയർ വഴി ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് സൈബർ സെൽ കണ്ടെത്തി. ഉപയോക്താവ് അറിയാതെ തന്നെ ബാങ്കിങ് ആപ്പുകൾ, ഗൂഗിൾ പേ, ക്യാമറ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യാനുള്ള അനുമതികൾ ഈ ആപ്പ് നേടിയിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരവും വഞ്ചനാക്കുറ്റത്തിനും പൊലീസ് കേസെടുത്തു.



0 Comments