LATEST

6/recent/ticker-posts

Header Ads Widget

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍

 


യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് പതിമൂന്ന് മന്ത്രിമാര്‍. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഏറെ വിയര്‍ത്തൊഴുകിയാണ് ജയിച്ചത്.

സുരക്ഷിതമെന്ന് കരുതിയ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പരാജയപ്പെട്ടു. സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ സിറ്റിംഗ് മണ്ഡലത്തിലും പാര്‍ട്ടി പരാജയത്തിന്റെ കയ്പറിഞ്ഞു.

കഴിഞ്ഞ തവണ അരലക്ഷം ഭൂരിപക്ഷമുണ്ടായിരുന്ന പിണറായി വിജയന്‍ ഇക്കുറി കടന്നുകൂടിയത് കടുത്ത സമ്മര്‍ദത്തിലൂടെയാണ്. ഭൂരിപക്ഷം ഇരുപതിനായിരത്തില്‍ താഴെ മാത്രം. ആദ്യ അഞ്ച് റൗണ്ടിലും വി പി അബ്ദുല്‍റഷീദിന് പിന്നിലായി പിണറായി. മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടത് എല്‍ഡിഎഫിന് വലിയ നാണക്കേടായി. പതിനൊന്ന് സിപിഐഎം മന്ത്രിമാരില്‍ പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, ഡോക്ടര്‍ ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി എന്‍ വാസവന്‍ എന്നീ ഏഴ് പേര്‍ തോല്‍വിയറിഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ജയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരില്‍ ജെ ചിഞ്ചുറാണി മാത്രമാണ് തോറ്റത്. പി പ്രസാദ്, കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ ജയിച്ചു. കൊട്ടാരക്കരയില്‍ കെ ബി ഗണേഷ് കുമാര്‍, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, തിരൂരില്‍ വി അബ്ദുറഹിമാന്‍ എന്നിവരും പരാജയപ്പെട്ടു.

ഇത്തവണ മത്സരിക്കാതിരുന്ന മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സിറ്റിങ് മണ്ഡലമായ ചിറ്റൂരും എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ചീഫ് വിപ് ഡോക്ടര്‍ എന്‍ ജയരാജ്, മുന്‍മന്ത്രി കെ കെ ശൈലജ എന്നിവരും തോറ്റു.

Post a Comment

0 Comments