LATEST

6/recent/ticker-posts

Header Ads Widget

ചരിത്ര വിജയം ; 23 സീറ്റ് നേടി മുസ്ലീം ലീഗ്



മലപ്പുറം ജില്ലയില്‍ ലീഗിന്റെ ആധിപത്യം കാരണം മറ്റ് മതസ്ഥർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ലീഗ് ഭരണം വന്നാല്‍ മാറാടുകള്‍ ആവർത്തിക്കുമെന്നുമുള്ള എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷം തുപ്പലിനെതിരെ ബാലറ്റിലൂടെ മറുപടി നല്‍കി മുസ്ലീം ലീഗ്. 


27 സീറ്റില്‍ മത്സരിച്ച്‌ 23 ഇടത്തും വിജയിച്ച്‌ കേരള നിയമസഭയിലെ ചരിത്ര വിജയമാണ് ഇത്തവണ ലീഗ് നേടിയത്. കഴിഞ്ഞ തവണ 15 സീറ്റായിരുന്നു യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന്. കൂത്തുപമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയ അടക്കം രണ്ട് വനികള്‍ ഉള്‍പ്പെടെയാണ് ലീഗ് 27 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. സി.പി.എമ്മിന്റെ കോട്ടയായ പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനർ ടി.പി രാമകൃഷ്ണനെയാണ് യൂത്ത്‌ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ പരാജയപ്പെടുത്തിയത്.


വെള്ളാപ്പള്ളിയുടെ വർഗീയ പാർട്ടിയെന്ന പരാമർശത്തിന് തവനൂരിലെ വി.എസ് ജോയിയുടെ വിജയം കൊണ്ട് തന്നെ ലീഗ് മറുപടി നല്‍കി. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ കോണ്‍ഗ്രസ് തവനൂരില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ ഒരു ശതമാനം വോട്ട് പോലുമില്ലാത്ത ക്രിസ്ത്യൻ സമുദായാംഗത്തെ മത്സരിപ്പിച്ചത് തിരിച്ചടിയാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ തവനൂരില്‍ സ്വന്തം സ്ഥാനാർത്ഥിയെന്നപോലെ ജോയിയുടെ വിജയത്തിനായി ലീഗ് പ്രവർത്തകർ രംഗത്തിറങ്ങി. 2006ല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിയിലൂടെ തോല്‍പ്പിച്ച കെ.ടി ജലീലിനെ വി.എസ് ജോയിയിലൂടെ തറപറ്റിക്കാനായത് ലീഗിന്റെ രാഷ്ട്രീയ വിജയം കൂടിയാണ്. 2011ലാണ് ഇതിന് മുമ്പ് മുസ്ലീം ലീഗിന് കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടായത്. അന്ന് 20 അംഗങ്ങളാണ് ലീഗിന്റെ ടിക്കറ്റില്‍ നിയമസഭയിലെത്തിയത്.

2016ല്‍ അത് 18 എം.എല്‍.എമാരായും 2021ല്‍ അത് 15 ആയും ചുരുങ്ങി. 2006 മുസ്ലീം ലീഗിന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ലഭിച്ചത്. മത്സരിച്ച 22 ഇടത്ത് കേവലം 7 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീർ, എം.കെ മുനീർ, ചെർക്കളം അബ്ദുള്ള, കെ.എം ഷാജി അടക്കമുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു. ലീഗ് കോട്ടയായ മലപ്പുറത്ത് ചുവന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ലീഗ് കോട്ടകളായിരുന്ന കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ അട്ടിമറി വിജയം നേടി. തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീർ പരാജയപ്പെട്ടു. മങ്കട പിടിക്കാനിറങ്ങിയ എം.കെ മുനീർ മഞ്ഞളാംകുഴി അലിയോട് തോല്‍വിയറിഞ്ഞു. മലപ്പുറം ചുവന്നുവെന്ന വീമ്പിളക്കിയ ഇടതുപക്ഷം ഇത്തവണ വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി വർഗീയത പറഞ്ഞാണ് ലീഗിനെ ആക്രമിച്ചത്. ഈ രാഷ്ട്രീയത്തെ മലപ്പുറം തള്ളിക്കളയുകയായിരുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു.


കോണ്‍ഗ്രസ് നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങള്‍ വിജയിച്ചപ്പോള്‍ ലീഗ് മത്സരിച്ച 12 മണ്ഡലങ്ങളിലും വിജയിച്ചു. മന്ത്രി വി. ആബ്ദുറഹിമാനും കെ.ടി ജലീലും അട്ടിമറി പരാജയം ഏറ്റുവാങ്ങി. ഏതു പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിന്ന പൊന്നാനിയും ഇത്തവണ കടപുഴകി. 2011ല്‍ നിലമ്പൂർ, താനൂർ, പൊന്നാനി, തവനൂർ എന്നീ 4 മണ്ഡലങ്ങളായിരുന്നു ഇടതുപക്ഷത്തിനുണ്ടായിരുന്നത്. പി.വി അൻവർ രാജിവെച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് വിജയിച്ചപ്പോള്‍ അത് 3 ആയി കുറഞ്ഞു. സംസ്ഥാനത്ത് 16 എം.എല്‍.എമാരെ നിയമസഭയിലേക്കയക്കുന്ന ഏറ്റവും വലിയ ജില്ലയായ മലപ്പുറത്ത് ഇടത് മുന്നണിക്ക് സമ്പൂർണ്ണ പരാജയമാണ് ഏറ്റ് വാങ്ങേണ്ടി വന്നത്.


#MuslimLeague #malappuram #RecordBreaking #ElectionResults #election

Post a Comment

0 Comments