കൊച്ചി: ബംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. കനത്ത വേനൽ മഴക്കിടെ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച രാമമംഗലം സ്വദേശികളായ ലത, സ്‌മിത എന്നിവരുടെ മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും.
ബംഗളുരുവിലേക്കു വിനോദയാത്ര പോയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ 56 അംഗ സംഘത്തിൽ പെട്ടവരാണ് മരിച്ചരണ്ടുപേർ. അപകടത്തിൽ ആകെ ഏഴുപേരാണ് മരിച്ചത്. ബംഗളൂരു ബൗറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
പർച്ചേസിംഗ് ആയി പലവഴിക്കായി തിരിഞ്ഞ വിനോദയാത്രാ സംഘം മഴ നനയാതിരിക്കാൻ ആണ് ആശുപത്രി കോമ്പൗണ്ടിലെ ടാർപോളിൻ ഷീറ്റിന് താഴെ നിന്നത്. അപകട സ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. മൃതദ്ദേഹം നാട്ടിലെത്തിക്കാൻ എല്ലാ ക്രമീകരണം ഒരുക്കി. ചികിത്സയിലുള്ളവർക്ക് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. അപകടത്തിൽഅന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

0 Comments