മുക്കം: മലയോര മേഖലയില്‍ മോഷണ പരമ്ബരകള്‍ തുടരുന്നതിനിടെ പൊലിസിനെയും ഞെട്ടിച്ച് കവർച്ച. മുക്കം സബ് ഇൻസ്പെക്ടർ ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പൊലിസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കി.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുത്തേരി കാപ്പുമല വളവിലെ ബെവറജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു സംഭവം. മുക്കത്തെ ഒരു വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ താമസിക്കുന്നത്. മറ്റ് മുറികളില്‍ വ്യാപാരിയുടെ സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസം. വൈകീട്ട് ജോലി കഴിഞ്ഞ് ജീവനക്കാരനായ സനീഷ് എത്തിയപ്പോഴാണ് വീടിനുള്ളില്‍ അപരിചിതനെ കണ്ടത്. ഉടൻ തന്നെ രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടതോടെ സംശയം തോന്നിയ സനീഷ് മിയാസ് ബാബുവിനെ ബലമായി പിടികൂടി പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ പിൻവാതില്‍ കുത്തിപ്പൊളിച്ചാണ് മൂന്നംഗ സംഘം അകത്ത് കടന്നത്. എസ്.ഐയുടെ മുറിയില്‍ നിന്ന് 8500 രൂപ, പവർ ബാങ്ക്, ട്രിമ്മർ എന്നിവ പ്രതികള്‍ കവർന്നു. ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വീടിന് പുറത്തെത്തിച്ചെങ്കിലും സനീഷ് എത്തിയതോടെ ഇവ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ബെവറജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യപിച്ച ശേഷം ലഹരിയിലാണ് സംഘം മോഷണത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്ന് മുക്കം പൊലിസ് അറിയിച്ചു
പൊലിസിന് തലവേദനയായി മോഷണങ്ങള്‍
മലയോര മേഖലയില്‍ കഴിഞ്ഞ കുറച്ച് കാലമായി മോഷണങ്ങള്‍ വർദ്ധിച്ചു വരികയാണ്. പല കേസുകളിലും പ്രതികളെ പിടികൂടാനാവാതെ പൊലിസ് പ്രതിരോധത്തിലായിരിക്കെയാണ്, പൊലിസുകാരന്റെ വീട്ടില്‍ തന്നെ കവർച്ച നടന്നത് സേനയ്ക്ക് വലിയ നാണക്കേടായിട്ടുണ്ട്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

0 Comments