LATEST

6/recent/ticker-posts

Header Ads Widget

രാജ്യത്ത് ഓൺലൈൻ മണി ഗെയിമുകൾക്ക് മെയ് 1 മുതൽ പൂർണ നിരോധന

 


രാജ്യത്ത് പണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്ക് മേയ് 1 മുതൽ പൂർണനിരോധനം ഏർപ്പെടുത്തുന്നു. നിരോധനത്തിന് ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചാൽ 5 വർഷം തടവോ 2 കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് 2 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 3 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.


രാജ്യത്ത് നിയമം 2025 ഓഗസ്റ്റിൽ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നില്ല. നിയമം പ്രാബല്യത്തിലാക്കുന്നതിനു മുൻപ് തന്നെ ഡ്രീം11, മൊബൈൽ പ്രീമിയർ ലീഗ്, പോക്കർ ബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ പോലെയുള്ള പല ഓൺലൈൻ മണി ഗെയിമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മേയ് 1ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഗെയിമിങ് നിയമങ്ങൾ പ്രകാരം ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കും. അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അധ്യക്ഷനായ അതോറിറ്റിയിൽ ആഭ്യന്തരം, ധനം, വാർത്താവിതരണം, നിയമം, കായികം, ടെലികോം മന്ത്രാലയങ്ങളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ആറ് അംഗങ്ങൾ ഉണ്ടാകും.


ഒരു ഗെയിം മണി ഗെയിമാണോ സോഷ്യൽ ഗെയിമാണോ എന്ന് അതോറിറ്റി തീരുമാനിക്കും. പണം നിക്ഷേപിച്ച ശേഷം കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളായി സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇ-സ്പോർട്സ് വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഏഷ്യൻ ഗെയിംസ് പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഇ-സ്പോർട്സിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് സർക്കാർ ഇതിനെ സമീപിക്കുന്നത്.


ഗെയിമിങ് നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണ അധികാരം ജില്ലാതല സൈബർ പൊലീസ് സ്റ്റേഷനുകൾക്കും സൈബർ യൂണിറ്റുകൾക്കും നൽകി. ഗ്രാമീണ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകളിൽ അന്വേഷണ അധികാരം ഉണ്ടായിരിക്കില്ല.



Post a Comment

0 Comments