LATEST

6/recent/ticker-posts

Header Ads Widget

തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്, കോഴിക്കോട്ടെ 40 ശതമാനം റസ്റ്ററന്റുകളും പൂട്ടി



കോഴിക്കോട്: വോട്ടുചെയ്യാൻ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തംനാട്ടിലേക്ക് മടങ്ങിയതോടെ ഹോട്ടൽമേഖലയിൽ പുതിയ പ്രതിസന്ധി. ഗ്യാസ്‌ക്ഷാമത്തെത്തുടർന്ന് ഉലഞ്ഞുനിൽക്കുന്ന ഹോട്ടൽമേഖലയിൽ പുതിയ പ്രശ്നം കൂടിയായതോടെ പല ഹോട്ടലുകളും പൂട്ടി. ജില്ലയിൽമാത്രം ഏകദേശം 40 ശതമാനം ഹോട്ടലുകൾ പൂട്ടിയതായാണ് കണക്കെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ പറഞ്ഞു.


ഒട്ടേറെ ഹോട്ടലുകൾ തുറക്കുന്നസമയം ചുരുക്കുകയും തൊഴിലാളികലുടെ ഷിഫ്റ്റുകൾ പുനഃക്രമീകരിക്കുകയും ചെയ്താണ് പിടിച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നഗരത്തിലെ പല പ്രധാന ഹോട്ടലുകളും തൊഴിലാളിക്ഷാമം രൂക്ഷമായതോടെ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ രണ്ടാംവാരം നടന്ന അസമിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിത്തന്നെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. ഇവർ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. അപ്പോഴേക്കും ബംഗാളിലെ തിരഞ്ഞെടുപ്പിനായി ബാക്കി തൊഴിലാളികളും മടങ്ങി. ഇതോടെ മിക്ക ഹോട്ടലുകളുടെയും പ്രവർത്തനം തന്നെ മുന്നോട്ടുകൊണ്ടുപോകാനാവാതെ വന്നതോടെയാണ് അടച്ചതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട് പറഞ്ഞു.


ആദ്യമായാണ് ഇത്രയധികം തൊഴിലാളികൾ ഒന്നിച്ച് നാട്ടിലേക്ക് പോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തടുത്ത ദിവസംവന്നതും എസ്.ഐ.ആർ വന്നതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തില്ലെങ്കിൽ പ്രശ്നമാകുമെന്ന പ്രചാരണവുമാണ് തൊഴിലാളികൾ കൂട്ടമായി മടങ്ങാൻ കാരണമായതെന്നും ഹോട്ടലുടമകൾ പറയുന്നു.

ഗ്യാസ്‌ക്ഷാമംകാരണം ഹോട്ടലുകൾ വലിയ പ്രതിസന്ധിയിലായിരുന്നു. ആ പ്രശ്നം ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ല. മെനു കുറച്ചും സമയം ക്രമീകരിച്ചും മറ്റുമാണ് ഹോട്ടലുകൾ പിടിച്ചുനിന്നിരുന്നത്. ഇതിനിടെ തൊഴിലാളികൾകൂടി പോയതോടെ നടത്തിക്കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയായതോടെയാണ് പലരും അടച്ചിടുന്നത്.

പല ഹോട്ടലുകളും ഭക്ഷണംവിളമ്പുന്നത് ഏതെങ്കിലും ഒരുനിലയിൽ മാത്രമായി ചുരുക്കിയും ചിലർ എ.സി. വിഭാഗം ഒഴിവാക്കിയും മറ്റുമാണ് മുന്നോട്ടുപോകുന്നത്. വൈകീട്ട് തുറന്നിരുന്ന ചില ഹോട്ടലുകൾ പിന്നെയും വൈകി എട്ടുമണിക്ക് തുറക്കുന്ന രീതിയിലേക്ക് മാറി. 12-ന് അടച്ചിരുന്നതിന് പകരം 10-ന് അടയ്ക്കാനും തുടങ്ങി. അതിരാവിലെമുതൽ ഉച്ചവരെയും ഉച്ചമുതൽ രാത്രി വരെയും ഉണ്ടായിരുന്ന രണ്ടുഷിഫ്റ്റുകളും പലരും ഒഴിവാക്കി. രാവിലെമുതൽ ഉച്ചവരെ ഒരു ഷിഫ്റ്റായി കുറച്ചു. തൊഴിലാളികൾ കുറഞ്ഞതിനെത്തുടർന്ന് ഉള്ളവർക്ക് അമിതഭാരം വന്നതിനാൽ എല്ലാവർക്കും വിശ്രമത്തിനായി നഗരത്തിലെ ഒരു പ്രമുഖ ഹോട്ടൽ കഴിഞ്ഞദിവസം അടച്ചിട്ടു. ചില ഹോട്ടലുകളിൽ വിളമ്പാനും മറ്റും ഉടമകൾതന്നെ മുന്നിട്ടിറങ്ങുന്നുമുണ്ട്.


ഭക്ഷണം കഴിക്കാനെത്തുവരെ മടക്കിയയക്കാതെയും അധികം കാത്തുനിർത്താതെയും നടത്തിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഉൾപ്പെടെ ഹോട്ടലുകളിൽ ജോലിചെയ്യുന്നവരിൽ 70 ശതമാനത്തോളവും ഇതരസംസ്ഥാനത്തൊഴിലാളികളാണ്.


ഹോട്ടലുകൾ വിലകൂട്ടുന്നതായി പരാതിഗ്യാസ് പ്രതിസന്ധിയെത്തുടർന്ന് ചില ഹോട്ടലുകൾ ഭക്ഷണത്തിന് വിലകൂട്ടിയതായി പരാതി. ചായമുതൽ ചോറുവരെ മെനുവിലെ പല വിഭവങ്ങൾക്കും വില കൂടിയതായാണ് ജനം പരാതിപ്പെടുന്നത്. സ്വകാര്യ ഏജൻസികളിൽനിന്ന്‌ വാങ്ങുന്ന പാചകവാതക സിലിൻഡറിന് വില കൂടിയെങ്കിലും അതിന് ആനുപാതികമായല്ലാതെ അനിയന്ത്രിതമായി വില കൂട്ടുന്നതായാണ് ആരോപണം. ഇതിനുനേരേ കൂടരഞ്ഞിയിലും മറ്റും ചില സംഘടനകൾ പ്രതിഷേധിച്ച സംഭവങ്ങളുമുണ്ടായി.

എവിടെ പരാതിപ്പെടാംഹോട്ടലുകൾ അധികമായി വിലകൂട്ടിയത് ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് കളക്ടർക്കോ, ജില്ലാ സപ്ലൈ ഓഫീസർക്കോ പരാതി നൽകാം. കളക്ടർക്ക് നൽകിയാലും അദ്ദേഹം അന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫീസർക്ക് കൈമാറും. വിലവിവരപ്പട്ടിക മുൻകൂട്ടി പ്രദർശിപ്പിക്കണമെന്നാണ് നിയമം. അന്വേഷണത്തിൽ പട്ടിക മുൻകൂട്ടി പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ സപ്ലൈ ഓഫീസർ ഇക്കാര്യ കാണിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകും. ഇതല്ലെങ്കിൽ കാരന്തൂരിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ പരാതി നൽകാം.

Post a Comment

0 Comments