കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ വാരണാസിയിൽ നടത്തിയ പരിശോധനയ്ക്കു ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങി. വാരണാസിയിൽ കുട്ടി എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം തിരിച്ചെത്തിയത്.
ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്. കാണാതായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു. തലശ്ശേരി എഎസ്പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.



0 Comments