കോഴിക്കോട്: കർണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി അപകടത്തിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സംഭവത്തിൽ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സി പി ജോൺ പറഞ്ഞു. ഡ്രൈവർ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവർ സെൻ ഓൺ ചെയ്‌തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയർന്നിരുന്നു. അപകടത്തിന് തൊട്ടുമുൻപുള്ള ദിവസം മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമേ ദീർഘദൂര സർവീസുകളിൽ പരിചയ സമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താൽക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു
കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മിഥിലേഷും കണ്ടക്‌ടർ അരുണും മരിച്ചത്. മിഥിലേഷ് താൽക്കാലിക ജീവനക്കാരനാണന്നും പത്ത് ലക്ഷം രൂപയാണ് നൽകാൻ കഴിയുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഈ തുക വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും സി പി ജോൺ പറഞ്ഞു. താൽക്കാലിക ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബസ് ഓടുന്ന സമയം വർധിപ്പിക്കേണ്ടിവരുമെന്നും സി പി ജോൺ പറഞ്ഞു. അന്തർസംസ്ഥാന സർവീസിന് മുഴുവൻ പുതിയ ബസുകൾ നൽകാൻ കഴിയുന്ന സാഹചര്യമില്ല. നവീകരിക്കാനുള്ള സംവിധാനം ഉണ്ട്. ചില ബസുകളിൽ അത്തരം കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. കണ്ടക്ടർ കം ഡ്രൈവർ നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രൊപ്പോസൽ നല്ലതാണ്. പുതിയ നിയമനം നടത്തുമ്പോൾ മൾട്ടി ടാസ്ക് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തിലും പിഎം ശ്രീ, വന്ദേമാതരം വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. അധികാരം ദുരുപയോഗിക്കരുതെന്നായിരുന്നു ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയിൽ ഉണ്ടായത് അസാധാരണ പ്രളയമാണെന്നും ഉദ്യോഗസ്ഥർ അധികാരം മോശമായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ കേന്ദ്ര സർക്കാരിൻ്റെ തെറ്റായ ആശയമാണെന്നും സൈൻ ചെയ്‌തത് ഈ സർക്കാർ അല്ലെന്നും സി പി ജോൺ പറഞ്ഞു. സബ് കമ്മറ്റി റിപ്പോർട്ട് വരട്ടെ. മന്ത്രിമാർക്ക് മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം ഉണ്ട്. പി എം ശ്രീയോട് യോജിപ്പില്ലെന്നും സി പി ജോൺ വ്യക്തമാക്കി. വന്ദേമാതരത്തിൽ ജാഗ്രത പുലർത്തണമെന്നായിരുന്നു സി പി ജോൺ പറഞ്ഞത്. ആദ്യത്തെ ചരണങ്ങൾ പാടിയാൽ മതിയെന്നാണ് സിഎംപിയുടെ നിലപാട്. ഗാന്ധിയും നെഹ്റുവുമുള്ള കാലത്ത് പോലും ആ നിലപാടാണ് സ്വീകരിച്ചതെന്നും സി പി ജോൺ വ്യക്തമാക്കി.



0 Comments