സാങ്കേതിക തകരാറും സർവീസ് പ്രശ്നങ്ങളും കാരണം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദുബായ് വിമാന സർവീസ് റദ്ദാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്.
വിവരം മുൻകൂട്ടി അറിയിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കിയെന്ന് ആരോപിച്ച് വിമാനത്താവളത്തിൽ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചു.എയർപോർട്ടിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം പലരും അറിയുന്നത്.
തുടർന്ന് യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ സർവീസ് റദ്ദാക്കിയിരുന്നു. അന്ന് മുടങ്ങിയ യാത്രക്കാരെ ഇന്നലത്തെ വിമാനത്തിൽ കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. റീഫണ്ട് നൽകുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് വീണ്ടും ആളുകൾ ഇന്നലെ വിമാനത്താവളത്തിൽ എത്തിയത്.
സർവീസ് തടസ്സപ്പെടുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് വിമാനത്താവളത്തിൽ എത്തിച്ച ശേഷം യാത്രക്കാരെ ദുരിതത്തിലാക്കിയെന്നാണ് സ്പൈസ്ജെറ്റ് അധികൃതർക്കെതിരെ ഉയരുന്ന പ്രധാന ആക്ഷേപം.
*സംഭവത്തെ തുടർന്ന് എയർപോർട്ടിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു.*



0 Comments