അരീക്കോട്: ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ കോയമ്പത്തൂരിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്. പ്രശസ്ത ഫുട്ബോൾ താരവും പരിശീലകനുമായ അനീസ് കൊറളിയാടൻ ഇരട്ട സഹോദരനാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകുന്ന മയ്യിത്ത് കസ്റ്റംസിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിയോടെ അരീക്കോട്ടേക്ക് കൊണ്ടുവരും. തുടർന്ന് പുത്തലത്തെ വസതിയിലെ പൊതുദർശനത്തിന് ശേഷം മഗ്‌രിബ് നമസ്കാരത്തിന് മുൻപായി ഖബറടക്കം നടക്കും. കളിക്കളത്തിലെ തിളക്കമാർന്ന അധ്യായം കേരളത്തിന് പുറമെ മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വേണ്ടി ബൂട്ടണിഞ്ഞ കളിക്കാരനാണ് അസീം. അണ്ടർ 21 കേരള ടീമിൽ അംഗമായിരുന്ന അദ്ദേഹം സന്തോഷ് ട്രോഫിയിൽ 2010-ൽ മഹാരാഷ്ട്രയ്ക്കായും 2013-ൽ തമിഴ്‌നാടിനായും കളത്തിലിറങ്ങി. ഐ-ലീഗിൽ ഒമ്പത് സീസണുകളിൽ വിവിധ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. 2005-06ൽ വാസ്‌കോ ഗോവയിലൂടെയാണ് ക്ലബ്ബ് ഫുട്ബോളിൽ അരങ്ങേറുന്നത്. തുടർന്ന് സാൽഗോക്കർ ഗോവ (2006-07), മുംബൈ എഫ്‌സി (2007-09), മഹീന്ദ്ര യുണൈറ്റഡ് (2009-10), ഈസ്റ്റ് ബംഗാൾ (2010-11) എന്നീ മുൻനിര ക്ലബ്ബുകൾക്കായും മാറ്റുരച്ചു. ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലും അസീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.



0 Comments