കണ്ണൂർ: പൊതുഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കുന്നതിൽ ജാഗ്രത വേണമെന്നുമുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിർദേശത്തിനെതിരെ സിപിഎം. സമസ്തയുടെ പ്രസ്‌താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ പറഞ്ഞു.
'സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്‌താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എംഎൽഎമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങ്ങുകളിൽ വേദി പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.' -ശൈലജ അഭിപ്രായപ്പെട്ടു ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്നായിരുന്നു സമസ്‌ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ. ഇത്തരം പരിപാടികൾ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നേതാക്കൾ ഓർമിപ്പിച്ചു. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ല. അത് അനുവദനീയമല്ല. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ നിർദേശിച്ചിരുന്നു.
കാന്തപുരം വിഭാഗത്തിൻ്റെ നിർദേശത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും വിമർശിച്ചിരുന്നു. പ്രദർശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ളവരെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദർശിപ്പിക്കുകയെന്നും പി.കെ ശ്രീമതി പറഞ്ഞു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാർഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിൻവലിക്കണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു.



0 Comments