ഡൽഹി: വിളനാശം ഉണ്ടാക്കുന്നുവെന്നതിന്റെ പേരിൽ ആനകളുടെ സഞ്ചാരം സംസ്ഥാനങ്ങൾക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി സർവേ നടത്താനും കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. മാത്രമല്ല ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു.വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ വളരെ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവരാണെന്നും അവരുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിളനാശത്തിന്റെ പേരിൽ തടസ്സങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, തദ്ദേശീയമായ പ്രശ്നങ്ങൾ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ആനത്താരകൾ പ്രാദേശിക കാരണങ്ങളാൽ തടസ്സപ്പെടുകയോ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ആനകളെ തുരത്തുന്നതിനായി തോക്കുകൾ ഉപയോഗിക്കുന്നതും കൂട്ടം ചേർന്ന് അക്രമാസക്തമായി ഓടിക്കുന്നതും സാഹചര്യം വഷളാക്കുകയാണെന്നും ഹർജിക്കാരൻ വാദിച്ചു. പിന്നാലെ ആനത്താരകളെക്കുറിച്ച് സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.



0 Comments