കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞുവെന്നും തുടർചികിത്സയിലും വീഴ്ചയുണ്ടായെന്നുമാണ് കുടുംബത്തിൻ്റെ പരാതി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ-രാഖി ദമ്പതികളുടെ കുഞ്ഞിൻ്റെ കൈക്കാണ് പരിക്കേറ്റത്.
ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യു യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിൻ്റെ ആരോപണം അനുസരിച്ച്, കുഞ്ഞിൻ്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടിരുന്നെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ നടന്നില്ല.
ഓർത്തോ വിഭാഗം ഡോക്ടർ പരിശോധിച്ച് ബാൻഡേജ് ചുറ്റിയെന്നും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കാൻ പറഞ്ഞെങ്കിലും നിശ്ചിത സമയത്ത് ഡോക്ടർ എത്തിയില്ലെന്നും കുടുംബം പറയുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ വിശദീകരണം.
സംഭവത്തെ തുടർന്ന് കുടുംബം ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രസവസമയത്തെ പരിചരണത്തിലും തുടർന്നുള്ള ചികിത്സയിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിൻ്റെ നിലപാട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നേരത്തെയും ഇത്തരത്തിലുള്ള ചികിത്സാപ്പിഴവ് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ സുസ്ഥിരമാണെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് ഇടപെട്ട് നടപടിയെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.



0 Comments